Connect with us

Malappuram

വണ്ടൂര്‍ പഞ്ചായത്ത് ഓഫീസ് നിര്‍മാണത്തില്‍ അഴിമതിയെന്ന് പ്രതിപക്ഷം

Published

|

Last Updated

മലപ്പുറം: വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിര്‍മിച്ചതില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും ഇതില്‍ പ്രതിഷേധിച്ച് കെട്ടിടോദ്ഘാടന ദിവസമായ 19ന് കരിദിനമായി ആചരിക്കുമെന്ന് സി പി എം വണ്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടന വേദിക്കരികില്‍ കരിങ്കെടിയുമായി ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. ലോക ബേങ്കിന്റെ 42.65 ലക്ഷം രൂപയുടെ ധനസഹായത്തോടെ നിര്‍മിച്ച കെട്ടിടം അനധികൃതമായി മണലിമ്മല്‍ നെല്‍പാടം നികത്തിയാണ് നിര്‍മിച്ചത്. ഇവിടെ കെട്ടിടം നിര്‍മിച്ചാല്‍ ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയാണ്. ഇതുമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള റവന്യൂവകുപ്പിന്റെ ഉത്തരവ് കാറ്റില്‍പറത്തിയാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചത്.
സര്‍ക്കാര്‍ വിലക്കിയ സ്ഥലത്ത് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രിമാര്‍ തന്നെയെത്തുന്നത് വിരോധാഭാസമാണ്. പഞ്ചായത്തിന്റെ കീഴിലുള്ള ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളില്‍ ഇതിനേക്കാള്‍ സൗകര്യത്തോടെയും പകുതി ചെലവിലും കെട്ടിടം നിര്‍മിക്കാമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും മുഖവിലക്കെടുത്തില്ല. ലോകബേങ്ക് ധനസഹായത്തിന് ഓഡിറ്റിംഗ് ഉണ്ടാവില്ലെന്നതിനാല്‍ സാമ്പത്തിക അഴിമതി നടത്താമെന്ന ഗൂഢാലോചനയാണ് ഇതിനുപിന്നില്‍.
എസ്റ്റിമേറ്റില്‍ പറഞ്ഞ തരത്തിലല്ല കെട്ടിടം നിര്‍മിച്ചത്. കൂടുതല്‍സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടത്തില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ല. ഭരണസമിതിയുടേയും ജീവനക്കാരുടെയും നേതൃത്വത്തില്‍ നടന്ന അഴിമതിയെ കുറിച്ചന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സി പി എം വണ്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ ടി മുഹമ്മദലി, ഏരിയ കമ്മിറ്റിയംഗം കാപ്പില്‍ ജോയി, വണ്ടൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം അഡ്വ.അനില്‍ നിറവില്‍ പങ്കെടുത്തു.