Connect with us

Gulf

അവര്‍ വിശുദ്ധ മണ്ണിലെത്തിയ സായൂജ്യത്തില്‍ ...

Published

|

Last Updated

മക്ക: കുഞ്ഞുന്നാളിലേ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം സഫലമായ ആത്മ നിര്‍വൃതിയിലാണവര്‍. പരിശുദ്ധ കഅ്ബാലയം കണ്‍കുളിര്‍ക്കെ കാണാനയതും റബ്ബിന്റെ ഭവനത്തില്‍ സാഷ്ടാംഗം നമിക്കാന്‍ സാധിച്ചതുമെല്ലാം ജന്‍മസാഫല്യമായാണ് തീര്‍ഥാടകര്‍ കരുതുന്നത്. സംസ്ഥാനത്ത് നിന്നെത്തിയ തീര്‍ഥാടകരിലധികവും പ്രായമേറെയായവരാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണവര്‍ക്ക് ഹജ്ജിന് നറുക്കു വീഴുന്നത്. വിശുദ്ധ മണ്ണിലെത്തിയതോടെ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് ചെറുപ്പം വീണ്ടെടുത്തിരിക്കയാണവര്‍.

ഞായറാഴ്ച മുതലാണ് കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക ഹാജിമാര്‍ മക്കയിലെത്തിത്തുടങ്ങുന്നത്. സ്വകാര്യ ഗ്രൂപ്പുകളും ദിനേനെയെന്നോണം ഇവിടെയെത്തിക്കൊണ്ടിരിക്കുകയാണ്. ഇഹ്‌റാം വേഷത്തില്‍ മക്കയിലെത്തിയ തീര്‍ഥാടകര്‍ കഅ്ബ കാണാനും ഉംറ പൂര്‍ത്തിയാക്കാനുമുള്ള ആവേശത്തിലായിരുന്നു.
ഉംറ പൂര്‍ത്തിയാക്കിയിട്ടും മിക്കവരും വീണ്ടും കഅ്ബാലയത്തില്‍ വന്നു. ഖില്ല പാതി ഉയര്‍ത്തിക്കെട്ടിയ വിശുദ്ധ ഗേഹത്തിന്റെ ചുവരുകളില്‍ മുഖവും കൈകളുമമര്‍ത്തി പ്രാര്‍ഥനയില്‍ മുഴുകി. ജന്‍മം സഫലമായ സൗഭാഗ്യത്തിന് ജഗന്നിയന്താവിന് നന്ദി പറഞ്ഞു. സംസ്ഥാനത്തുനിന്ന് ചൊവ്വാഴ്ച വരെ 1400 പേരാണ് ഔദ്യോഗിക സംഘങ്ങളില്‍ മക്കയിലെത്തിയത്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി വേറെയും. സ്‌നേഹോഷ്മളമായ വരവേല്‍പ്പാണ് ജിദ്ദയിലും മക്കയിലും തീര്‍ഥാടകര്‍ക്ക് ലഭിച്ചത്. ഹാജിമാരെ വരവേല്‍ക്കാന്‍ ബന്ധുക്കളും സന്നദ്ധ പ്രവര്‍ത്തകരുമടക്കം വന്‍ ജനാവലിയാണ് മിസ്ഫലയിലും അസീസിയയിലും ഉണ്ടായിരുന്നത്. ഈത്തപ്പഴവും, വിവിധയിനം ജ്യൂസുകളും, മുസ്വല്ലയുമെല്ലാമാണ് മക്കയില്‍ തീര്‍ഥാടകരെ കാത്തിരിക്കുന്നത്. ഔദ്യോഗിക സംഘത്തിലെ ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ മിസ്ഫലയിലും അല്ലാത്തവര്‍ അസീസിയയിലുമാണ് താമസം. സ്വകാര്യ ഗ്രൂപ്പുകാര്‍ അജ്‌യാദ്, മിസ്ഫല, ഗസ്‌സ എന്നിവിടങ്ങളിലും. മക്കയിലും മദീനയിലുമായി എത്തിയ ഇന്ത്യയില്‍ നിന്നുള്ള ആകെ ഹാജിമാരുടെ എണ്ണം 60,000 കവിഞ്ഞു. അഞ്ച് ലക്ഷത്തിലധികം വിദേശ ഹാജിമാര്‍ ഇതിനകം പുണ്യ നഗരങ്ങളിലെത്തിക്കഴിഞ്ഞു.
മക്കയിലെ ആര്‍ എസ് സി വളണ്ടിയര്‍മാര്‍ അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും അവര്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതിനും സദാ സേവന നിരതമാണ്. വിശുദ്ധ ഹറം പരിസരത്തും മറ്റിടങ്ങളിലും വെള്ളക്കുപ്പായത്തിനു മീതെ മഞ്ഞ ജാക്കറ്റ് ധരിച്ച ഈ നിസ്വാര്‍ഥ സേവകരെ കാണാം. രാവും പകലും വ്യത്യാസമില്ലാതെ സേവനമനുഷ്ടിക്കുന്ന ഈ ചെറുപ്പക്കാര്‍ ഏവരാലും പ്രശംസിക്കപ്പെടുന്നു.
തീര്‍ഥാടകര്‍ മക്കയില്‍ വന്നിറങ്ങുന്ന ദിവസം തൊട്ട് ഇവരുടെ സേവനകാലവും തുടങ്ങുകയായി. വിമാനത്താവളത്തില്‍ നിന്ന് വന്നിറങ്ങുന്ന തീര്‍ഥാടകര്‍ക്ക് വെള്ളവും, ജ്യൂസും, ഈത്തപ്പഴവും നല്‍കി സ്വീകരിക്കുന്നതു മുതല്‍, തീര്‍ഥാടനം കഴിഞ്ഞ് അവര്‍ മക്കയോടു വിട പറയുന്നതു വരേയും അവരുടെ ആവശ്യങ്ങള്‍ക്ക് കൂടെ നില്‍ക്കുകയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ വളണ്ടിയര്‍മാര്‍. പ്രായം ചെന്ന ഹാജിമാരെ ത്വവാഫ് ചെയ്യുന്നതിനും, സഅ്‌യിനും സഹായിക്കുക. വീല്‍ ചെയര്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുക. ഭാഷയറിയാതെ ബുദ്ധിമുട്ടുന്നവരോ ഉണ്ടെങ്കില്‍ അവരെ സഹായിക്കുക. സ്വയം തെരഞ്ഞെടുക്കുന്ന കാരുണ്യ പാതയാണ്. എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുമ്പോള്‍ പ്രായം ചെന്ന ആ തീര്‍ഥാടകന്റെ/ തീര്‍ഥാടകയുടെ ഹൃദയം തൊട്ടുള്ള പ്രാര്‍ഥനയാണ് ഇവരുടെ മുതല്‍ക്കൂട്ട്. വിലമതിക്കാനാകാത്ത ഈ സേവനം ദൈവത്തിങ്കല്‍ ഏറെ പ്രതിഫലം ലഭിക്കുന്ന ആരാധനയാണെന്ന പൂര്‍ണ ബോധ്യത്തോടെയുള്ള സമര്‍പ്പണം തന്നെയാണ്.
മക്കയിലെ തങ്ങളുടെ ജോലി സമയം കഴിഞ്ഞ് ലഭിക്കുന്ന ഒഴിവു വേളകളാണ് അധികമാളുകളും തീര്‍ഥാടക സേവനത്തിനുപയോഗപ്പെടുത്തുന്നത്. ദ്വിഭാഷികളും, വിദ്യാ സമ്പന്നരുമാണ് ഈ സേവനക്കൂട്ടായ്മയിലെ മിക്കപേരും. മലയാളികളോ ഇന്ത്യക്കാരോ എന്ന വ്യത്യാസമൊന്നും ഈ കാരുണ്യവഴിയിലില്ല, അതിരുകള്‍ക്കപ്പുറത്തേക്കു നീളുന്ന ഈ സഹായ ഹസ്തം ഹൃദയത്തിന്റെ ഭാഷയിലാണ് മനുഷ്യരോട് സംവദിക്കുക. അവിടെ ഭാഷക്കോ വര്‍ണത്തിനോ അതിരുകള്‍ തീര്‍ക്കാനാകില്ല.

 

---- facebook comment plugin here -----

Latest