വിദേശത്ത് ജോലി വാഗ്ദാനം: പണം തട്ടിയ പ്രതി പിടിയില്‍

Posted on: September 17, 2014 8:33 am | Last updated: September 17, 2014 at 8:33 am
SHARE

പാലക്കാട്: ദുബൈയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ജോലി നല്‍കാമെന്ന് പറഞ്ഞ് പത്തോളം പേരില്‍ നിന്ന് പണം കൈപ്പറ്റി മുങ്ങിയ കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശി അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് അശ്‌റഫിനെ (50) ടൗണ്‍ സൗത്ത് ക്രൈം സ്‌ക്വാഡ് പിടികൂടി. പാലക്കാട്ട് ലോഡ്ജില്‍ താമസിച്ച് ലോഡ്ജിലെ മാനേജര്‍മാരുടെ വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്. മാനേജറുടെ ബന്ധുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും കുവൈത്തിലെ ഒരു ഫുഡ് പാക്കിംഗ് സെക്ഷനില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിസക്ക് വേണ്ടി 30,000 രൂപയും മെഡിക്കലിനായി 10,000 രൂപയും വീതം എട്ട് പേരില്‍ നിന്നായി വാങ്ങി പാസ്‌പോര്‍ട്ട് സഹിതം മുങ്ങുകയായിരുന്നു. പരാതി ലഭിച്ച ടൗണ്‍ പോലീസ് കേസ് അന്വേഷണം തുടങ്ങി. പ്രതിയുടെ നാടായ പഴയങ്ങാടിയില്‍ നിന്ന് തന്നെ നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പറ്റിച്ച് മുങ്ങി നടക്കുകയാണെന്ന് വിവരം കിട്ടി. വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങി മിക്ക ജില്ലകളിലും ഇയാള്‍ ഇത്തരത്തില്‍ പറ്റിച്ചതായി അറിവായിട്ടുണ്ട്. എന്നാല്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും വേഷങ്ങള്‍ മാറ്റിയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. താമസ സ്ഥലത്തും എത്തുന്നുന്നതിന് മുമ്പ് മൊബൈല്‍ ഓഫ് ആക്കി വെക്കുകയാണ് പതിവ്. ടൗണ്‍ സൗത്ത് സി ഐ പ്രമോദിന്റെ നേതൃത്വത്തില്‍ ജി എസ് ഐമാരായ വിജയന്‍, യാഅ്ഖൂബ്, ക്രൈം സക്വാഡ് അംഗങ്ങളായ സാജിദ് സി എസ്, റിനോയ് എം വിജയന്‍, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.