സാമ്പത്തിക പ്രതിസന്ധി; ഏഴായിരത്തോളം താത്കാലിക തസ്തികകള്‍ വെട്ടിക്കുറക്കുന്നു

Posted on: September 17, 2014 8:31 am | Last updated: September 17, 2014 at 8:31 am
SHARE

കൊല്ലം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് താത്കാലിക തസ്തികകളും വെട്ടിക്കുറക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഏഴായിരത്തോളം തസ്തികയാണ് നിര്‍ത്തലാക്കുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് താത്കാലിക നിയമനങ്ങള്‍ നിരോധിക്കുന്നത്. വിവിധ വകുപ്പുകളിലും അവക്ക് കീഴിലെ സ്ഥാപനങ്ങളിലുമായി സംസ്ഥാനത്ത് 30, 000 താത്കാലിക നിയമനങ്ങളാണ് ഉള്ളത്.

ഇതിന് പുറമെ വിവിധ വകുപ്പുകള്‍ക്ക് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ പ്രോജക്ടുകളിലും നിരവധി താത്കാലിക ജീവനക്കാരുണ്ട്. ഓരോ വര്‍ഷവും കഴിയുമ്പോള്‍ ഇവരുടെ കാലാവധി നീട്ടി നല്‍കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ അടുത്ത മാസം മുതല്‍ കാലാവധി തീരുന്ന തസ്തികകള്‍ക്ക് കാലാവധി നീട്ടി നല്‍കില്ല. പി എസ് സി വഴി നടത്തുന്ന നിയമനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധനകാര്യ വകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. അത്യാവശ്യമായ ഒഴിവുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് ഓരോ വകുപ്പു മേധാവികള്‍ക്കും ധനകാര്യവകുപ്പ് നല്‍കിയിരിക്കുന്ന രഹസ്യ നിര്‍ദേശം .
വിവാദവും യുവജനസംഘടനകളുടെ പ്രതിഷേധവും ഭയന്ന് അതീവ രഹസ്യമായാണ് ഈ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഘട്ടംഘട്ടമായി താത്കാലിക തസ്തിക നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം നടപ്പാക്കാനാണ് ധനകാര്യ വകുപ്പ് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിരിക്കുന്ന ശിപാര്‍ശ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് താത്കാലിക തസ്തികള്‍ നിര്‍ത്തലാക്കുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനത്തിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നാണ് വ്യക്തമാകുന്നത്. അതേസമയം ചെലവ് ചുരുക്കലിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന് ധന മന്ത്രി കെ എം മാണി നേരത്തെ പറഞ്ഞിരുന്നെങ്കിലും യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി നിലപാട് മയപ്പെടുത്തിയിരുന്നു.