Connect with us

International

22 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു

Published

|

Last Updated

ജറൂസലം: 22 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. ജറുസലമില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ഇവരെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ മുതല്‍ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്ത ഫലസ്തീനികളുടെ എണ്ണം ഇതോടെ 700 ആയി ഉയര്‍ന്നു. ഇതില്‍ അമ്പത് പേരെയും ഈ മാസത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീന്‍ പോലീസ് വക്താവ് ലുബ സാമിരി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്തവരില്‍ 13 പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ജൂത വീടുകള്‍ക്ക് നേരെയും സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെയും ഇവര്‍ പെട്രോള്‍ ബോംബെറിഞ്ഞെന്ന് ആരോപിച്ചാണ് ഇവരില്‍ കൂടുതല്‍ പേരെയും പിടികൂടിയിരിക്കുന്നത്. മൂന്ന് ജൂത ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്ന പേരില്‍ ഇസ്‌റാഈല്‍ 50 ദിവസം ഫലസ്തീനിലെ ഗാസയില്‍ ക്രൂരമായ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. രക്തരൂഷിതമായ ഇസ്‌റാഈല്‍ ആക്രമണത്തെ ഹമാസും ശക്തമായ രീതിയില്‍ പ്രതിരോധിച്ചിരുന്നു.
ഈ മാസം ഏഴിന് 16 വയസ്സുള്ള ഫലസ്തീന്‍ ബാലനെ ഇസ്‌റാഈല്‍ സൈന്യം നിഷ്ഠൂരമായി വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. കിഴക്കന്‍ ജറൂസലമിലായിരുന്നു ഈ ആക്രമണം നടന്നത്. പള്ളിയിലേക്ക് പ്രാര്‍ഥനക്ക് പോകുന്ന തങ്ങളുടെ മകനെ ഇസ്‌റാഈല്‍ സൈന്യം തലക്ക് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Latest