കാബൂളില്‍ ചാവേര്‍ ആക്രമണം; മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

Posted on: September 17, 2014 12:47 am | Last updated: September 16, 2014 at 10:47 pm
SHARE

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ മൂന്ന് നാറ്റോ സൈനികരുള്‍പ്പെടെ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് മറ്റു 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശിക സമയം എട്ട് മണിയോടെ കാബൂളിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിന് സമീപമായിരുന്നു സ്‌ഫോടനം. സ്ഥാനപതി കാര്യാലയത്തില്‍ നിന്ന് ഏതാനും മീറ്റര്‍ ദൂരത്തിനുള്ളില്‍ വെച്ചാണ് കാറിലെത്തിയ ചാവേര്‍, നാറ്റോയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. അതിശക്തമായ സ്‌ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങള്‍ പോലും പ്രകമ്പനം കൊണ്ടു. വിദേശ സൈനികരെ തന്നെയാണ് ചാവേര്‍ ലക്ഷ്യം വെച്ചതെന്ന് കാബൂള്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടു. മറ്റൊരു നാറ്റോ സൈനികന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. വളരെ തിരക്കുപിടിച്ച, യു എസ് സ്ഥാനപതി കാര്യാലയത്തില്‍ നിന്ന് കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള റോഡിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. രാജ്യത്തെ സുപ്രീം കോടതി നിലനില്‍ക്കുന്നതും ഈ പ്രദേശത്താണ്. വാഹനങ്ങള്‍ റോഡില്‍ തിങ്ങിനിറഞ്ഞ സമയത്താണ് സഫോടനമുണ്ടായതെന്നും ഇപ്പോള്‍ സംഭവസ്ഥലം സുരക്ഷാ സൈനികര്‍ വലയം ചെയ്തിരിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടനത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. റോഡരികില്‍ തന്നെ സൗകര്യമൊരുക്കിയാണ് അപകടത്തില്‍പ്പെട്ട പല സൈനികര്‍ക്കും പ്രാഥമിക ശുശ്രൂഷ നല്‍കിയത്. നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനം സ്‌ഫോടനത്തിന്റെ ശക്തിയില്‍ റോഡില്‍ നിന്ന് ദൂരേക്ക് തെറിച്ചു വീണു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടനത്തിനുപയോഗിച്ചതെന്ന് കരുതപ്പെടുന്ന ഒരു കാര്‍ സുരക്ഷാ സൈനികര്‍ കണ്ടെത്തി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ തീവ്രവാദികള്‍ ഏറ്റെടുത്തു.
തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രണ്ട് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികള്‍ പരസ്പരം വാദപ്രതിവാദം നടത്തുന്നതിനിടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. അതേസമയം, വളരെ സുരക്ഷിതമായ പ്രദേശത്തേക്ക് ചാവേര്‍ കാറിലെത്തിയതെങ്ങനെ എന്ന കാര്യത്തില്‍ സംശയം തുടരുകയാണ്. 1990കള്‍ക്ക് ശേഷം ആഭ്യന്തര കലാപം ഉണ്ടായപ്പോഴാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചടക്കിയത്. ഇതേ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും വീണ്ടും താലിബാന്‍ അധികാരം പിടിച്ചടക്കുമോ എന്നും ഐക്യരാഷ്ട്ര സഭയും ആശങ്ക പ്രകടിപ്പിക്കുന്നു.