Connect with us

Editorial

ജനത്തിന് വീണ്ടുവിചാരം

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോദീപ്രഭാവം മാസങ്ങള്‍ക്കകം തന്നെ അസ്തമിച്ചുവെന്ന് കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കഴിഞ്ഞ വാരത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പ് ഫലങ്ങളും ബോധ്യപ്പെടുത്തുന്നു. പത്ത് സംസ്ഥാനങ്ങളിലെ 33 സീറ്റുകളിലേക്ക് ശനിയാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലൊതുങ്ങി ബി ജെ പിയുടെ വിജയം. 14 സിറ്റിംഗ് സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായി. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ബി ജെ പിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ 71ലും ബി ജെ പി മുന്നിട്ടു നിന്ന ഉത്തര്‍ പ്രദേശിലെ പതിനൊന്ന് സീറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എട്ടും നേടി സമാജ്‌വാദി പാര്‍ട്ടി ശക്തമായ തിരിച്ചുവരവ് നടത്തുകയുണ്ടായി. ഇവിടെ ബി ജെ പിയുടെ പ്രമുഖ നേതാവ് ഉമാഭാരതി ഒഴിഞ്ഞ മണ്ഡലത്തില്‍ ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജസ്ഥാനിലെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. തൃണമൂല്‍ സീറ്റായ ദക്ഷിണ ബാസിര്‍ഹട്ട് പിടിച്ചെടുത്ത് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും അക്കൗണ്ട് തുറക്കാനായതും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴും നേടിയതുമാണ് ബി ജെ പിക്ക് തെല്ലെങ്കിലും ആശ്വാസം.
കഴിഞ്ഞ മാസം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 18 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബി ജെ പിക്ക് തിരിച്ചടി നേരിട്ടിരുന്നു. ഇവയില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്. അന്ന് ബീഹാറില്‍ രണ്ടും കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഓരോന്നും സിറ്റിംഗ് സീറ്റുകള്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടു. കര്‍ണാടകയിലെ ബെല്ലാരി നിയമസഭാ മണ്ഡലം 33,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. യു പിയില്‍ ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംഘ്പരിവാര്‍ നടത്തിയ വര്‍ഗീയ കലാപങ്ങളും ലവ് ജിഹാദ് പ്രചാരണവും ബി ജെ പിക്ക് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, തിരിച്ചടിയാകുകയാണുണ്ടായതെന്ന് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കലാപം നടന്ന ഠാക്കൂര്‍ദ്വാര സീറ്റില്‍ ബി ജെ പി പരാജപ്പെടുകയായിരുന്നു. എസ് പി സ്ഥാനാര്‍ഥി നവാബ് ജാനാണ് ഇവിടെ വിജയിച്ചത്.
പൊതുതിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷമായ 271നേക്കാള്‍ 11 സീറ്റ് നേടി ബി ജെ പി അധികാരത്തിലേറിയത് ഇന്ത്യയില്‍ പുതുയുഗത്തിന്റെ നാന്ദിയാണെന്നായിരുന്നു മാധ്യമങ്ങളുടെ വിലയിരുത്തല്‍. മോദീ പ്രഭാവമാണ് ഈ അപ്രതീക്ഷിത വിജയത്തിന് പിന്നിലെന്നും മെച്ചപ്പെട്ട ഭരണത്തിലൂടെ മോദി രാജ്യത്തിന്റെ വികസനത്തില്‍ പുതിയ ചരിത്രവും ബി ജെ പിക്ക് കൂടുതല്‍ വളര്‍ച്ചയും നേടിക്കൊടുക്കുമെന്നും വിലയിരുത്തപ്പെട്ടു. എന്നാല്‍ പുതിയ ഭരണത്തില്‍ നല്ല ദിനങ്ങളെ പ്രതീക്ഷിച്ച സാധാരണക്കാരനെ നിരാശപ്പെടുത്തി മുതലാളിത്ത അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോദി രാജ്യത്തിന്റെ വികസനത്തിലല്ല, കോര്‍പറേറ്റുകളുടെ വികസനത്തിലാണ് ശ്രദ്ധയൂന്നുന്നത്. പ്രതിരോധം, റെയില്‍വേ, ഇന്‍ഷ്വറന്‍സ് തുടങ്ങി സര്‍വ മേഖലഖളും മൂലധന ശക്തികള്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും തീറെഴുതിക്കൊടുക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കാനോ സാധാരണക്കാരെ ബാധിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനോ ഫലപ്രദമായ നടപടികളുണ്ടാകുന്നില്ല. ജനങ്ങള്‍ വസ്തുത തിരിച്ചറിഞ്ഞതിന്റെ ഫലമായി പൊതുതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സംഭവിച്ച അബദ്ധത്തിന് ഉപതെരഞ്ഞെടുപ്പിലൂടെ അവര്‍ പ്രായശ്ചിത്തം ചെയ്യുകയായിരിക്കണം.
മഹാരാഷ്ട്ര, ഹരിയാനാ സംസ്ഥാനങ്ങളിലേക്ക് അടുത്ത മാസം 15ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതര കക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുമ്പോള്‍ ബി ജെ പിയെ കടുത്ത ആശങ്കയിലാക്കുന്നു. ഹിന്ദുത്വ അജന്‍ഡകള്‍ മാറ്റിവെച്ചും കോര്‍പറേറ്റ് സേവ അവസാനിപ്പിച്ചും, സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്നതും മതന്യൂനപക്ഷങ്ങളുടെ ഭീതിയകറ്റുന്നതുമായ ഭരണ ശൈലിയിലേക്ക് മോദി സര്‍ക്കാര്‍ മാറിയില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബി ജെ പിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കാനാണ് സാധ്യത. കേവല കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ചു മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് വേണ്ടി ഒന്നിക്കാനുള്ള വിവേകവും വിശാല മനസ്‌കതയും മതേതര കക്ഷികള്‍ പ്രകടിപ്പിക്കണമെന്ന പാഠവും ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നുണ്ട്.

Latest