ലോകത്ത് ഒമ്പതിലൊരാള്‍ പട്ടിണിയുടെ പിടിയിലെന്ന് ഐക്യരാഷ്ട്ര സംഘടന

Posted on: September 16, 2014 10:50 pm | Last updated: September 16, 2014 at 10:50 pm
SHARE

imagesലണ്ടന്‍: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 10 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന. അതേസമയം ലോകത്തെ ഒമ്പതില്‍ ഒരാള്‍ ഇപ്പോഴും പട്ടിണിയുടെ പിടിയിലാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷനല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലെപ്‌മെന്റ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്നിവയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പട്ടിണി മാറ്റാനുള്ള ലോകവ്യാപകമായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പട്ടിണിയെ അകറ്റി നിര്‍ത്തുന്നത് ലക്ഷ്യം വെച്ച് കൈക്കൊണ്ട നടപടികള്‍ 63 രാജ്യങ്ങളില്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ആറ് രാജ്യങ്ങള്‍ 2015ഓടെ ലക്ഷ്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിണിക്കെതിരെയുള്ള നമ്മുടെ പോരാട്ടം വിജയത്തിലെത്തുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും രാജ്യങ്ങള്‍ ഇനിയും മുന്നോട്ടുപോകാന്‍ പ്രചോദനം നല്‍കേണ്ടതുണ്ടെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായസഹകരണങ്ങള്‍ ഇതിന് ആവശ്യമാണെന്ന് സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലുള്ള കിഴക്കന്‍ രാജ്യങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണേഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലും കൂടുതല്‍ പേര്‍ പട്ടിണിയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നുണ്ട്. അതേ സമയം ഈ മുന്നേറ്റത്തിനിടയിലും പല രാജ്യങ്ങളിലും ഇപ്പോഴും പട്ടിണി പിടിമുറുക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോഷകാഹാര കുറവ് വലിയ തോതില്‍ തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. എല്ലാത്തിലും ഉപരി, പട്ടിണി അനുഭവിക്കുന്നവരില്‍ ഭൂരിപക്ഷവും ഏഷ്യയിലാണ്.
സാമ്പത്തികമായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ചില രാജ്യങ്ങളില്‍ ഇപ്പോഴും പട്ടിണി കിടക്കുന്നവരുടെ എണ്ണം അനവധിയുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളും ആഭ്യന്തര കലാപങ്ങളും വളര്‍ച്ചാ നിരക്കിലെ കുറവും മൂലം പട്ടിണിയെ തുടച്ചുമാറ്റാന്‍ സാധിക്കാതെ വരുന്നു. ചൈനയിലും ഇന്തോനേഷ്യയിലും തായ്‌ലാന്‍ഡിലും വിയറ്റ്‌നാമിലും സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഈ രാജ്യങ്ങളിലെ സാമ്പത്തിക മുന്നേറ്റവും ആശാവഹമാണെന്നും റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.