മരുഭൂമിയില്‍ ബൈക്കുമായി വിനോദത്തിനു പോയ യുവാവ് മരിച്ചു

Posted on: September 16, 2014 8:47 pm | Last updated: September 16, 2014 at 8:47 pm
SHARE

ഷാര്‍ജ: മരുഭൂമിയില്‍ ബൈക്കുമായി വിനോദസഞ്ചാരത്തിനിറങ്ങി കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ബദാഇറിനടുത്ത റഫാദയിലെ മരുഭൂമി പ്രദേശത്താണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വിനോദത്തിനു പുറപ്പെട്ട യുവാവ് രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത സുഹൃത്ത് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
യുവാവ് യാത്രക്കു പോയ ഭാഗത്ത് സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളുടെ കാറും അതിനൊപ്പമുണ്ടായിരുന്ന, ബൈക്ക് കൊണ്ടുപോകുന്ന കാബിനും മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു.
പരാതി ലഭിച്ച ദൈദ് പോലീസ് അറിയിച്ചതനുസരിച്ച് ഷാര്‍ജയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ സംഘങ്ങള്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഒടുവില്‍ പോലീസിലെ എയര്‍വിംഗ് സംഘം ഹെലിക്കോപ്ടറില്‍, യുവാവ് അപ്രത്യക്ഷമായ ഭാഗത്ത് നടത്തിയ തിരിച്ചിലിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 കാരനായ യുവാവ് കോമറോസ് വംശജനാണ്.