ഏഴു വയസ്സുകാരിയെ പിതാവ് തിളച്ച വെളിച്ചെണ്ണയൊഴിച്ച് പൊള്ളിച്ചു

Posted on: September 16, 2014 7:19 pm | Last updated: September 16, 2014 at 7:19 pm
SHARE

kutti-zoIFcമലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഏഴു വയസ്സുകാരിയെ പിതാവ് തിളച്ച വെളിച്ചെണ്ണയൊഴിച്ച് പൊള്ളിച്ചു. നാലുമാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും പുറം ലോകമറിയുന്നത് ഇപ്പോഴാണ്. ശരീരമാസകലം പൊള്ളലേറ്റ പെണ്‍കുട്ടി കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതളൂര്‍ സ്വദേശിയായ ഹക്കീമെന്നയാളാണ് സ്വന്തം കുഞ്ഞിന്റെ ശരീരത്തില്‍ തിളച്ച വെളിച്ചെണ്ണയൊഴിച്ചത്. മുഖവും കഴുത്തും നെഞ്ചും വയറുമൊക്കെ തിളച്ച എണ്ണ വീണ് വെന്തുപോയി. ദിവസവും പിതാവ് മദ്യപിച്ചുവന്ന് വഴക്കുണ്ടാക്കുമായിരുന്നെന്നും എപ്പോഴും അടിക്കുമായിരുന്നുവെന്നും കുട്ടി പറയുന്നു.

എണ്ണ പുറത്തേക്ക് ഒഴിച്ചപ്പോള്‍ അബദ്ധത്തില്‍ കുട്ടിയുടെ മേലെ വീണു എന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചിരുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചതിനുശേഷം വേണ്ട ശ്രദ്ധ കൊടുത്തില്ല. പൊള്ളല്‍ അണുബാധയേറ്റ് വ്രണങ്ങളായി. കുട്ടിയുടെ അമ്മ സീനത്തിന്റെ സഹോദരി റുക്കിയ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ദുരന്ത വാര്‍ത്ത പുറംലോകമറിയുന്നത്.അവരാണ് കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.