Connect with us

Gulf

ഐസിലിനെതിരായ പോരാട്ടം; ആസ്‌ട്രേലിയക്ക് യു എ ഇ താവളം ഒരുക്കും

Published

|

Last Updated

അബുദാബി; ഐസിലിനെതിരായ പോരാട്ടത്തില്‍ ആസ്‌ട്രേലിയക്ക് യു എ ഇ താവളം ഒരുക്കും. ആസ്‌ട്രേലിയയുടെ എട്ട് സൈനിക വിമാനങ്ങള്‍ക്കും 600 സൈനികര്‍ക്കുമാണ് യു എ ഇ താവളം ഒരുക്കുക. ആസ്‌ട്രേലിയന്‍ പ്രതിരോധ സേനയുടെ മധ്യപൗരസ്ത്യദേശത്തെ ആസ്ഥാനമെന്ന നിലയിലാണ് യു എ ഇയെ സേനാ കേന്ദ്രമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് യു എ ഇയിലെ ആസ്‌ട്രേലിയന്‍ സ്ഥാനപതി പാബ്ലോ കാംഗ് വ്യക്തമാക്കി. ഐസില്‍ ഭീഷണിയുള്ള പ്രദേശങ്ങളോട് ഭൂമിശാസ്ത്രപരമായി ചേര്‍ന്നു നില്‍ക്കുന്ന രാജ്യമാണെന്നതും യു എ ഇയെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

എട്ട് ആക്രമണ വിമാനങ്ങളും ഒരു വെഡ്ജ്‌ടൈല്‍ എയര്‍ബോണും മള്‍ട്ടി റോള്‍ ടാങ്കറും ചരക്കു വിമാനവും ഉള്‍പ്പെടെയുള്ളവയാണ് യു എ ഇയിലേക്ക് അയക്കുകയെന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടും വ്യക്തമാക്കി. 400 വ്യോമസേനാംഗങ്ങളും 200 കരസേനാംഗങ്ങളുമാണ് യു എ ഇയില്‍ നിന്നുള്ള ഓപ്പറേഷനുകളില്‍ പങ്കെടുക്കുക. അമേരിക്കയുടെ നേതൃത്വത്തില്‍ ഐസിലിനെതിരായുള്ള പോരാട്ടത്തിലേക്കുള്ള ആസ്‌ട്രേലിയയുടെ പങ്കാണിത്. ഇത് ഞങ്ങളുടെ പോരാട്ടമല്ല, ലോകത്തിന്റെ പോരാട്ടമാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
60 ആസ്‌ട്രേലിയന്‍ പൗരന്മാര്‍ മധ്യപൗരസ്ത്യദേശത്ത് ഐസിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 100 പേരോളം ഓസ്‌ട്രേലിയക്ക് അകത്തും പുറത്തുമായി ഐസില്‍ തീവ്രവാദികളെ പിന്തുണക്കുന്നതായും വിവരമുണ്ട്.
അടുത്ത ആഴ്ചയാവും ആസ്‌ട്രേലിയന്‍ സൈനികരും വിമാനങ്ങളും യു എ ഇയില്‍ എത്തുക. ഇറാഖിലെ സങ്കീര്‍ണമായ സാഹചര്യത്തെക്കുറിച്ച് മേഖലയിലെ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.