ഡി എച്ച് എ ജര്‍മനിയുമായി കരാര്‍ ഒപ്പിട്ടു

Posted on: September 16, 2014 6:59 pm | Last updated: September 16, 2014 at 6:59 pm
SHARE

06ദുബൈ: ഡി എച്ച് എ ആരോഗ്യരംഗത്ത് സഹകരിക്കുന്നതിന്റെ ഭാഗമായി ജര്‍മനിയുമായി കരാര്‍ ഒപ്പുവെച്ചു. വിവിധ കാരണങ്ങളാല്‍ പരുക്കേല്‍ക്കുന്നതും വൈരൂപ്യം സംഭവിക്കുന്നതുമായ കേസുകളില്‍ ദുബൈയിലെ ജനങ്ങള്‍ക്ക് ഏറ്റവും ആധുനികമായ ചികിത്സ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഞായറാഴ്ച കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ദുബൈയില്‍ ചികിത്സ നടത്തുന്ന ഡി എച്ച് എക്ക് കീഴിലെ ഡോക്ടര്‍മാര്‍ക്ക് പൊട്ടലും ചതവും വൈരൂപ്യങ്ങളും ഉള്‍പ്പെട്ട അസ്ഥിരോഗ ചികിത്സയില്‍ ആറുവര്‍ഷത്തെ പരിശീലനം ജര്‍മനി നല്‍കും. ആദ്യ അഞ്ചു വര്‍ഷവും ദുബൈയില്‍ ആവും ജര്‍മന്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശീലനം സാധ്യമാക്കുക.
ആദ്യമായാണ് ജര്‍മനിയിലെ ചേംബര്‍ ഓഫ് ഫിസിഷ്യന്‍സ് ഇന്‍ ബര്‍ലിനും ജര്‍മന്‍ ഓര്‍ത്തോപീഡിക് ബോര്‍ഡും ഒരു വിദേശ രാജ്യത്തെ സ്ഥാപനവുമായി ഇത്തരത്തില്‍ വൈദഗ്ധ്യം പങ്കിടാനുള്ള കരാറില്‍ ഏര്‍പ്പെടുന്നത്.
ആറു വര്‍ഷത്തെ ജര്‍മന്‍ ഡോക്ടര്‍മാരുടെ കീഴിലുള്ള പരിശീലനം അവസാനിക്കുന്നതോടെ ജര്‍മന്‍ ബോര്‍ഡ് ഓഫ് സ്‌പെഷ്യലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡി എച്ച് എക്ക് കീഴിലെ അസ്ഥിരോഗ വിദഗ്ധര്‍ക്ക് ലഭിക്കും. ഇതിനായി പരിശീലനത്തോടൊപ്പം ജര്‍മനി കരാറില്‍ വ്യക്തമാക്കിയിരിക്കന്ന യോഗ്യതകളും പൂര്‍ത്തീകരിച്ചിരിക്കണം.
ഡി എച്ച് എയെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ ഒരു കരാറില്‍ ജര്‍മനിയുമായി എത്താന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഈസ അല്‍ മൈദൂര്‍ വ്യക്തമാക്കി. ആദ്യമായാണ് ജര്‍മന്‍ ബോര്‍ഡ് വിദേശത്തുള്ള ഒരു ആരോഗ്യ സ്ഥാപനവുമായി ഇത്തരത്തില്‍ ഒരു കരാറില്‍ ഒപ്പിടുന്നത്. ഓര്‍ത്തോപീഡിക് സര്‍ജറിയിലും ട്രോമ കേസുകളിലും ഡി എച്ച് എയുടെ ഡോക്ടര്‍മാര്‍ക്ക് വൈദഗ്ധ്യം നേടാന്‍ കരാര്‍ സഹായകമാവും. വിദേശത്ത് പോയി പരിശീലിക്കാതെ ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കാന്‍ സാധിക്കുമെന്നത് അഭിമാനകരമായ കാര്യമാണ്
ദുബൈ ട്രോമ കെയര്‍ സെന്റര്‍ മികച്ച ചികിത്സയാണ് രോഗികള്‍ക്ക് നിലവില്‍ നല്‍കുന്നത്. ഡോക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ ലോകത്തിലെ ഏതൊരു മുന്‍നിര രാജ്യത്തോടും കിടപിടിക്കുന്ന ചികിത്സ ഉറപ്പാക്കാന്‍ ഡി എച്ച് എക്ക് സാധിക്കും.
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ മെഡിക്കല്‍ വിദ്യാഭ്യാസം എപ്പോഴും തുടരാന്‍ ശ്രമിക്കണമെന്നും ഇതിലൂടെ അവരുടെ കഴിവുകള്‍ ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന അവസ്ഥ സൃഷ്ടിക്കാന്‍ കഴിയും. രോഗികളെ പരിചരിക്കുന്നതില്‍ ഡോക്ടര്‍മാരുടെ തുടര്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് ബര്‍ലിന്‍ ചേംബര്‍ ഓഫ് ഫിസിഷ്യന്‍ പ്രസിഡന്റ് ഗന്തര്‍ ജോണിറ്റ്‌സ് അഭിപ്രായപ്പെട്ടു. ഇതൊരു മാതൃകാ പ്രവര്‍ത്തനമാണ്. അതോടൊപ്പം സഹകരണത്തിലെ പുതിയൊരു പാലം പണിയലുമാണെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലെ ആരോഗ്യ നിലവാരം ഉറപ്പാക്കിയുള്ളതാവും പരിശീലന പരിപാടിയെന്ന് റാശിദ് ഹോസ്പിറ്റലിലെ ട്രോമ ആന്‍ഡ് എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. ജമാല്‍ അല്‍ മുഅല്ലയും പറഞ്ഞു.