Connect with us

Techno

ഇനി ഇന്റര്‍നെറ്റില്ലാതെയും യൂട്യൂബ് കാണാം

Published

|

Last Updated

ന്യൂഡല്‍ഹി: വൈവിധ്യങ്ങളായ വീഡിയോകളുടെ അക്ഷയഖനിയായ യൂട്യൂബ് ഇന്ത്യയില്‍ ഇനി ഓഫ്‌ലൈനായും കാണാം. മൊബൈലിലും ടാബുകളിലും ഉപയോഗിക്കുന്ന യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് ആപ്പ് വഴിയാണ് ഈ സംവിധാനം സാധ്യമാക്കുന്നത്. ഇഷ്ടപ്പെട്ട വീഡിയോ ഒരിക്കല്‍ കണ്ടാല്‍ പിന്നീടു കാണാന്‍ വീണ്ടും ഡൗണ്‍ലോഡ് ചെയ്യേണ്ടിവരില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

വീഡിയോ ആദ്യ സമയം കാണുമ്പോള്‍ തന്നെ സ്വമേധയാ ഡൗണ്‍ലോഡ് ആകാനുള്ള സൗകര്യമാണ് യൂട്യൂബ് ഒരുക്കുന്നത്. ഇഷ്ടപ്പെട്ട വീഡിയോകള്‍ വീണ്ടും വീണ്ടും കാണുന്നത് വഴിയുണ്ടാകുന്ന ഡാറ്റ നഷ്ടം ഇതുവഴി ഒഴിവാക്കാനാകുമെന്നത് ദശലക്ഷക്കണക്കിന് യൂട്യൂബ ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമാകും.

യൂട്യൂബ് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും വീഡിയോകള്‍ കാണുന്നത് മൊബൈല്‍ ആപ്പ് വഴിയാണ്. ഇതാണ് ആപ്പില്‍ പുതിയ സംവിധാനം കൂട്ടിച്ചേര്‍ക്കാന്‍ യൂട്യൂബിനെ പ്രേരിപ്പിച്ചത്. അടുത്ത ആഴ്ചയോടെ തന്നെ പുതിയ സംവിധാനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.