Connect with us

Malappuram

അനുവദിച്ച പത്ത് കെ എസ് ആര്‍ ടി സി ബസുകളും നിരത്തിലിറങ്ങിയില്ല

Published

|

Last Updated

മഞ്ചേരി: അഞ്ചു വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണയില്‍ നിന്ന് മഞ്ചേരി-മുക്കം-താമരശ്ശേരി വഴി കൊയിലാണ്ടി പത്തു കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിച്ചിരുന്നു.
എന്നാല്‍ ഇതിലൊന്നു പോലും നാളിതുവരെയായി നിരത്തിലിറങ്ങിയിട്ടില്ല. 2009ല്‍ ഇടതു സര്‍ക്കാരിന്റെ കാലത്തായിരുന്നു വാഗ്ദാനം. രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ബസുകള്‍ മുപ്പതു ട്രിപ്പുകള്‍ നടത്താനായിരുന്നു തീരുമാനം. തീരുമാനം നടപ്പിലായാല്‍ പ്രദേശത്ത് നേരിടുന്ന യാത്രാ ക്ലേശത്തിന് പരിഹാരമായേനെ.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രി, ജില്ലാ കോടതി തുടങ്ങി നിരവധി ജില്ലാ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരിയില്‍ എത്തുന്ന നൂറുക്കണക്കിനാളുകള്‍ക്ക് സ്വകാര്യ ബസുകള്‍ മാത്രമാണ് ആശ്രയം. രാത്രി കാലങ്ങളിലെ യാത്രാ ക്ലേശം മഞ്ചേരിയുടെ ശാപമാണ്. പ്രഖ്യാപിത ബസുകള്‍ സര്‍വേീസ് നടത്തിയാല്‍ ഈ പ്രശ്‌നത്തിനും പരിഹാരമാകുമായിരുന്നു.
ആനക്കയം പന്തല്ലൂര്‍ റോഡ്, പൂക്കോട്ടൂര്‍ റോഡ്, പൂക്കളത്തൂര്‍ തൃപ്പനച്ചി റോഡ്, കുറ്റിപ്പാറ എളങ്കൂര്‍ റോഡ്, വേട്ടേക്കോട് പുല്ലഞ്ചേരി സ്റ്റേഡിയം പയ്യനാട് റോഡ് എന്നിവിടങ്ങളില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നില്ല.
മഞ്ചേരി-പന്തല്ലൂര്‍ പാണ്ടിക്കാട് റൂട്ടില്‍ നിര്‍ത്തിവെച്ച കെ എസ് ആര്‍ ടി സി സര്‍വീസ് പുന സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അവഗണിക്കുകയാണ്. നിലവില്‍ പ്രൈവറ്റ് ബസ് സര്‍വീസ് മാത്രമുള്ള ഈ റൂട്ടുകളില്‍ ബസ് പണിമുടക്കും സര്‍വീസ് മുടക്കവും പതിവാണ്. ഇത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. ഇതിനു പരിഹാരമായി കെ എസ് ആര്‍ ടി സിയുടെ മിനി ബസുകള്‍ ഇത് വഴി അനുവദിക്കണമെന്നാണ് ആവശ്യം.
ഭരണ കക്ഷിയുടെ മൂന്ന് എം എല്‍ എ മാര്‍ പ്രതിനിധാനം ചെയ്യുന്ന മലപ്പുറം, മഞ്ചേരി, ഏറനാട് എന്നീ മണ്ഡലങ്ങളില്‍ കൂടി കടന്നു പോകുന്ന മഞ്ചേരി-കീഴിശ്ശേരി റൂട്ടിനേയും ഗതാഗത വകുപ്പ് പാടെ അവഗണിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സുതാര്യ കേരളം, ജനസമ്പര്‍ക്ക പരിപാടി എന്നിവയിലെല്ലാം ഇക്കാര്യം ഉന്നയിച്ചിട്ടും പരിഹാരമായിട്ടില്ല. എം പി എം ഇസ്ഹാഖ് കുരിക്കള്‍ എം എല്‍ എ ആയിരുന്നപ്പോള്‍ ഏതാനും ദിവസം കെ എസ് ആര്‍ ടി സി ഇതിലെ സര്‍വീസ് നടത്തിയിരുന്നു. സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഈ സര്‍വീസ് നിര്‍ത്തലാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. വളവും തിരിവും വീതികുറവുമുള്ള 12 കിലോമീറ്റര്‍ റോഡില്‍ കുത്തനെയുള്ള ഇറക്കവും ഇരു ഭാഗവും വന്‍ താഴ്ചയുമുള്ളതിനാല്‍ അപകട സാധ്യത കൂടുതലെന്ന് കണ്ടെത്തി പുതിയ സര്‍വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.
കോര്‍പ്പറേഷന്‍ ചീഫ് ട്രാഫിക് മാനേജരും ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടരുമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ ഇതിലേറെ ദുര്‍ഘട പാതകളില്‍ കോര്‍പ്പറേഷന്‍ മിനി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ബസുകള്‍ക്ക് തടയിടുന്നതെന്ന ആക്ഷേപം ഇതോടെ ശക്തിപ്പെടുകയാണ്.

 

Latest