സാമ്പത്തിക ക്രമക്കേട്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് പ്രതിപക്ഷം

Posted on: September 16, 2014 10:28 am | Last updated: September 16, 2014 at 10:28 am
SHARE

മലപ്പുറം: സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി കേസെടുത്ത തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൈമൂന ടീച്ചര്‍ തത്സ്ഥാനം രാജിവെക്കണമെന്ന് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യു ഡി എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 2011 ജനുവരി മുതല്‍ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ഇവര്‍ ഇതേ കാലയളവ് മുതല്‍ 2012 മെയ് 31 വരെ ചെറുപള്ളിക്കല്‍ എ എം എല്‍ പി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് ഓരോ മാസം സ്‌കൂളില്‍ നിന്ന് ശമ്പളവും പ്രസിഡന്റ് എന്ന നിലക്ക് പഞ്ചായത്തില്‍ നിന്ന് ഓണറേറിയം, സിറ്റിംഗ് ഫീസ്, യാത്രാക്കൂലി എന്നിവ കൈപറ്റിയതായി ഇടതുപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 153(10) വകുപ്പ് പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് മുഴുവന്‍ സമയ കാര്യ നിര്‍വഹണ ഉദ്യോഗസ്ഥനാകയാല്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അവധിയില്‍ പ്രവേശിച്ച് മാത്രമേ പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാവൂവെന്നും അര്‍ഹമായ ഓണറേറിയത്തോടൊപ്പം അവധിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള അവധി ശമ്പളം മാത്രമേ സ്വീകരിക്കാവുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചാണ് പ്രസിഡന്റ് സ്‌കൂളില്‍ നിന്ന് വേതനം നേടിയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രസിഡന്റ് രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ കഴിഞ്ഞമാസം തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമീപിച്ച പ്രതിപക്ഷം സാമ്പത്തിക ക്രമക്കേട് നടത്തിയതിന് അനുകൂല വിധി നേടിയിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് ഇടതുപക്ഷ അംഗങ്ങളായ കെ കെ ജനാര്‍ദ്ദനന്‍, ഇ അബ്ദു, കെ അബു, നടരാജന്‍, എന്‍ എം കോയ പങ്കെടുത്തു.