റബ്ബര്‍ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഇറക്കുമതി നിരോധിക്കണം: കെ എം മാണി

Posted on: September 16, 2014 10:26 am | Last updated: September 16, 2014 at 10:26 am
SHARE

k m maniമുക്കം: റബറിന്റെ വിലയിടിവ് പിടിച്ചുനിര്‍ത്തി മലയോര കുടിയേറ്റ കര്‍ഷകരുടെ ദുരിതമകറ്റാന്‍ കേന്ദ്രം റബറിന്റെയും റബര്‍ ഉത്പന്നങ്ങളുടയും ഇറക്കുമതി നിരോധിക്കണമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എം മാണി ആവശ്യപ്പെട്ടു.
വന്‍കിടക്കാരുടെ സമ്മര്‍ദ്ദത്തിന് കേന്ദ്രം വഴങ്ങരുതെന്നും മന്ത്രി പറഞ്ഞു. കാരശ്ശേരി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് 7.20 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന തോട്ടുമുക്കം തോട്ടക്കാട് റോഡിന്റെ പരിഷ്‌കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയോര മേഖലയുടെ വികസനം സമ്പദ് വ്യവസ്ഥയുമായി വളരെ ബന്ധപ്പെട്ടതാണ്. വികസനത്തില്‍ ഏറ്റവും ശ്രദ്ധ പതിയേണ്ടത് മലയോര തീരദേശ മേഖലയിലാണ്.
സംസ്ഥാനത്ത് റബര്‍ വിപണനത്തിന് നിലവില്‍ 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ എത്ര തുക വേണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. റബറുപയോഗിച്ചുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് തന്നെ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സി മോയിന്‍കുട്ടി എം എല്‍ എ അധ്യക്ഷനായി. ജോസ് കെ മാണി എം പി അധ്യക്ഷത വഹിച്ചു. എന്‍ വി ഹബീബ് റഹ്മാന്‍ സ്വാഗതവും കെ വിനയരാജ് റിപ്പോര്‍ട്ടവതരണം നടത്തി. കൊടിയത്തൂര്‍, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സൈനബ ചാലില്‍, റീന പ്രകാശ്, വൈസ് പ്രസിഡന്റുമാരായ ബഷീര്‍ പുതിയോട്ടില്‍, എം ടി സൈത് ഫസല്‍, ജില്ലാ പഞ്ചായത്തംഗം ഷറീന സുബൈര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ നീന ജോര്‍ജ്, സന്തോഷ് ജോണ്‍, മോയന്‍ കൊളക്കാടന്‍, സുജ ടോം, എന്‍ കെ അഷ്‌റഫ്, എം ടി അഷ്‌റഫ്, വിവിധ കക്ഷിനേതാക്കളായ സി ജെ ആന്റണി, ജോണി എടശ്ശേരി, സി പി ചെറിയ മുഹമ്മദ്, ജോണ്‍ പൂതക്കുഴി പ്രസംഗിച്ചു.