കണയങ്കോട് പാലത്തില്‍ മാലിന്യം തള്ളുന്ന സംഘം സജീവം

Posted on: September 16, 2014 10:25 am | Last updated: September 16, 2014 at 10:25 am
SHARE

kanayankodബാലൂശ്ശേരി: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ കണയങ്കോട് പാലത്തില്‍ മാലിന്യം തള്ളുന്ന സംഘം സജീവമാകുന്നു. കണയങ്കോട് പാലത്തിന്റെ ഇരുവശത്തെ കുറ്റിക്കാടുകളിലും പാലത്തിലുമാണ് രാത്രിയെത്തുന്ന സംഘം മാലിന്യങ്ങള്‍ തള്ളി കടന്നുകളയുന്നത്.
കൊയിലാണ്ടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളിലാണ് ഇടവിട്ട ദിവസങ്ങളിലായി സംഘം ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം ഉപേക്ഷിക്കുന്നത്. കോഴിക്കടകളില്‍നിന്ന് ഒഴിവാക്കുന്ന തൂവല്‍, കുടല്‍ തുടങ്ങിയ അവശിഷ്ടങ്ങള്‍ വലിയ ചാക്കുകളിലാക്കി വാഹനം നിര്‍ത്താതെ തന്നെ ഉപേക്ഷിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവക്കു പുറമെ മത്‌സ്യങ്ങളുടെ അവശിഷ്ടങ്ങള്‍, ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ എന്നിവയും നിക്ഷേപിക്കുന്നുണ്ട്. വലിയ വളവുകളും കുറ്റിക്കാടുകളും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ തെരുവ് നായ്ക്കളും മറ്റു ജീവികളും ഇവിടെ താവളമാക്കിയിരിക്കുകയാണ്. രാത്രിയില്‍ തള്ളുന്ന മാലിന്യങ്ങള്‍ ഇത്തരം ജീവികള്‍ കടിച്ചു വലിച്ച് പുഴയോരങ്ങളിലും ജനവാസമുള്ള ഭാഗങ്ങളിലും കൊണ്ടിടുകയാണ് പതിവ്. പലതവണ ഇക്കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഇത്തരം സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ്.