സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ജോലി അപകട ഭീഷണിയില്‍

Posted on: September 16, 2014 10:23 am | Last updated: September 16, 2014 at 10:32 am
SHARE

electric postവണ്ടൂര്‍: കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ വൈദ്യുതി വകുപ്പിലെ ജോലിക്കാര്‍ തൊഴിലെടുക്കുന്ന പ്രവണത വ്യാപകമാകുന്നു. ഏറെ അപകട സാധ്യതയുള്ള ജോലികളായിട്ടും വേണ്ടത്ര മുന്‍കരുതലുകളില്ലാതെയാണ് മിക്കയിടങ്ങളിലും അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നത്.
വൈദ്യുതി വകുപ്പിന് വേണ്ടി കരാര്‍ തൊഴിലാളികളാണ് തങ്ങളുടെ ജീവന്‍ പണയംവെച്ച് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്ന ജോലികളിലേര്‍പ്പെടുന്നത്. വൈദ്യുതി തൂണുകളില്‍ കയറുമ്പോള്‍ ധരിക്കേണ്ട കയ്യുറയോ ഹെല്‍മറ്റോ മിക്ക തൊഴിലാളികളും ധരിക്കാറില്ല. വൈദ്യുതി അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്.
വിദ്യുച്ഛക്തി ബോര്‍ഡിന്റെ കണക്ക് പ്രകാരം 2001 മുതല്‍ 2013 വരെയുള്ള 12 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങളുമായി ബന്ധപ്പെട്ട് 300 ഓളം കെ എസ് ഇ ബി തൊഴിലാളികളടക്കം 2230 പേരാണ് മരണപ്പെട്ടത്. 2052 പേര്‍ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇവരില്‍ 869 പേര്‍ ബോര്‍ഡ് ജീവനക്കാരും മറ്റുള്ളവര്‍ കരാര്‍ തൊഴിലാളികളുമാണ്.
ഏണി, എര്‍ത്ത് റാഡ്, എര്‍ത്ത് ചെയിന്‍, സേഫ്റ്റി ബല്‍റ്റ്, സേഫ്റ്റി ഷൂ, നൈലോണ്‍ കയര്‍, റീ ചാര്‍ജബിള്‍ ടോര്‍ച്ച് തുടങ്ങിയ ഉപകരണങ്ങളെല്ലാം ഉപയോഗിക്കണമെന്നാണ് വൈദ്യുതി വകുപ്പ് തൊഴിലാളികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. ജനറേറ്ററിംഗ് സ്‌റ്റേഷനുകളിലും സബ് സ്‌റ്റേഷനുകളിലും കൃത്രിമശ്വാസം നല്‍കാനുള്ള ഉപകരണങ്ങളും സുരക്ഷാ ബെല്‍റ്റും ഓക്‌സിമാസ്‌ക്, സ്റ്റാറ്റിസ്‌കോപ്പ് എന്നിവയും വേണമെന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്ക തൊഴിലാളികളും ഇതൊന്നും ഉപയോഗിക്കാറില്ല.ഇത് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here