ഭര്‍ത്താവിനെയും കാത്ത് 24 വര്‍ഷമായി സൈനബ

Posted on: September 16, 2014 10:21 am | Last updated: September 16, 2014 at 10:32 am
SHARE

തിരൂരങ്ങാടി: പാലക്കാട്ടേക്കെന്ന് പറഞ്ഞ് യാത്ര പോയ ഭര്‍ത്താവ് ഷൗക്കത്തിന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഇരുപത്തിനാല് വര്‍ഷമായി കളിയാട്ടമുക്ക് മാണിപ്പറമ്പത്ത് സൈനബ.
മഞ്ചേരി കാരക്കുന്ന് മുപ്പത്തിനാലിലെ ഇല്ലിക്കല്‍ ഷൗക്കത്തലി പിതാവ് അബ്ദുല്‍ ഹമീദിനും ബന്ധുക്കള്‍ക്കുമൊപ്പം പാലക്കാട് ബേക്കറി നടത്തുകയായിരുന്നു. 26ാംവയസിലാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. പാലക്കാട് നിന്ന് കാരക്കുന്നിലെ വീട്ടില്‍ വന്ന് ഒരുദിവസം താമസിച്ച ശേഷം കളിയാട്ടമുക്കിലെ ഭാര്യവീട്ടില്‍ വന്ന് പാലക്കാട്ടേക്കെന്ന് പറഞ്ഞ് പോയതാണ്.
ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സൗകര്യം ഇല്ലാത്തതിനാല്‍ ഒരാഴ്ച കഴിഞ്ഞ ശേഷമാണ് ഷൗക്കത്തലി പാലക്കാട് എത്തിയിട്ടില്ലെന്നറിയുന്നത്.
പിന്നീട് പലസ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും ഒരുവിവരവും ഉണ്ടായിട്ടില്ല. ഷൗക്കത്തലി പോകുമ്പോള്‍ രണ്ട് മക്കള്‍ക്ക് പുറമെ ഭാര്യ സൈനബ ഒരുമാസം ഗര്‍ഭിണിയായിരുന്നു. അതില്‍ ജനിച്ച കുട്ടി സൈതലവിക്ക് ഇപ്പോള്‍ പ്രായം 24.
മുഹമ്മദ് ബുഖാരി, റഹ്മത്ത് എന്നിവരാണ് മറ്റുമക്കള്‍. ഷൗക്കത്തലിയെ കണാതായി മൂന്ന് വര്‍ഷത്തിന് ശേഷം ഇയാളുടെ പേരിലുള്ള ഒരുകത്ത് വീട്ടുകാര്‍ക്ക ്‌ലഭിച്ചിരുന്നു. വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ഭക്ഷണം പോലും കിട്ടുന്നില്ല. ചായകുടിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഈ കത്ത് എഴുതുന്നത് എന്ന് കാണിച്ചാണ് കത്ത്. കൊല്‍ക്കത്തയില്‍ നിന്ന് കത്ത് പോസ്റ്റ് ചെയ്തിരുന്നത്. ഇതടിസ്ഥാനത്തില്‍ ബന്ധുക്കള്‍ കൊല്‍ക്കത്തയില്‍ ദിവസങ്ങളോളം തങ്ങി അന്വേഷണം നടത്തിയെങ്കിലും ഒരുഫലവുമുണ്ടായില്ല.
പിന്നീട് മൈസൂരില്‍ ചെരുപ്പ് കച്ചവടം നടത്തുന്നുണ്ടെന്നറിഞ്ഞു. അവിടെ അന്വേഷിച്ചപ്പോള്‍ ഏതാനും ദിവസം മുമ്പ് വരേ ഇദ്ദേഹം ഇവിടെ ഉണ്ടായിരുന്നതായി ചിലര്‍ പറഞ്ഞുവത്രെ. ശേഷം ബാംഗ്ലൂരിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഷൗക്കത്തലിയുടെ തിരോധാനത്തെ തുടര്‍ന്ന് ഭാര്യ സൈനബയേയും കുട്ടിയേയും വീട്ടുകാര്‍ കളിയാട്ടമുക്കിലെ വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. എന്നെങ്കിലും ഇദ്ദേഹം കുടുംബത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യ സൈനബയും മക്കളും.