Connect with us

Kozhikode

മണ്‍പാത്ര നിര്‍മാണം വിസ്മൃതിയിലേക്ക്

Published

|

Last Updated

കോഴിക്കോട്: ജില്ലയുടെ ഗ്രാമീണ മേഖലകളില്‍ ഒരുകാലത്ത് ഏറെ പേരുടെ ഉപജീവന മാര്‍ഗമായിരുന്ന കളിമണ്‍പാത്ര നിര്‍മാണം പൂര്‍ണ വിസ്മൃതിയിലേക്ക്. പരമ്പരാഗതമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും തൊഴില്‍ ഉപേക്ഷിച്ചമട്ടാണ്. പുതിയ തലമുറയില്‍ ആരും മേഖലയിലേക്ക് കടന്നുവരുന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ക്ഷാമവും മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയാണ്.
ജില്ലയില്‍ രാമനാട്ടുകര, കൊടക്കല്ലുപറമ്പ്, കുന്നത്ത് മോട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും മണ്‍പാത്ര നിര്‍മാണം വ്യാപകമായുണ്ടായിരുന്നത്. നിലവിലെ അവസ്ഥ പാത്രനിര്‍മാണം കൊണ്ട് ജീവിതം മുന്നോട്ട്‌കൊണ്ടുപോകാന്‍ പറ്റാത്തതാണെന്ന് തൊഴിലാളികള്‍ പറയുന്നു. നിര്‍മാണത്തിന് ആവശ്യമായ കളിമണ്ണും മണലും കിട്ടാനില്ല. ഉത്പ്പാദിപ്പിക്കുന്ന പാത്രങ്ങള്‍ക്ക് പുതിയ കാലഘട്ടത്തില്‍ വിപണി കണ്ടെത്താനും പ്രയാസമാണ്. സ്റ്റീല്‍, അലൂമിനിയം, ഫൈബര്‍ പാത്രങ്ങള്‍ വിപണി കയ്യടക്കിയതോടെയാണ് തിരിച്ചടി രൂക്ഷമായത്.
പട്ടാമ്പി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നായിരുന്നു നിര്‍മാണത്തിന് ആവശ്യമായ മണ്ണ് എത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആവശ്യത്തിന് മണ്ണ് ലഭിക്കുന്നില്ല. ജിയോളജി, റവന്യൂ വകുപ്പുകളുടെ നിയന്ത്രണം കര്‍ശനമായത് മണ്പാത്ര നിര്‍മാണത്തേയും ബാധിച്ചു. മണ്ണ് ലോറികളില്‍ കൊണ്ടുപോകുന്നതിന് ഏറെ നിയന്ത്രണങ്ങള്‍ ഉണ്ട്. മണലിനും ചൂളയിലേക്ക് വേണ്ട ചകിരി, വിറക്, വൈക്കോല്‍ എന്നിവക്കെല്ലാം വില കൂടി. മണ്‍പാത്രം നിര്‍മിക്കാന്‍ കളിമണ്ണിനൊപ്പം തരിവണ്ണം കുറഞ്ഞ മണലാണ് ആവശ്യം. ഇത് ലഭിക്കാന്‍ വലിയ പ്രയാസമാണ്. ഇതേ സമയം പ്രയാസപ്പെട്ട് നിര്‍മിച്ച പാത്രങ്ങള്‍ക്ക് ആവശ്യമായ വില ലഭിക്കില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

Latest