കാപ്പിക്കൃഷിയെ രക്ഷിക്കാന്‍ നൂതന പദ്ധതികള്‍

Posted on: September 16, 2014 12:39 am | Last updated: September 16, 2014 at 12:39 am
SHARE

കല്‍പ്പറ്റ: കാപ്പിക്കൃഷി മേഖലയെ സംരക്ഷിക്കാനും കര്‍ഷകര്‍ക്ക് ആശ്വാസം പകരാനും നൂതന പദ്ധതുകളുമായി കോഫിബോര്‍ഡ് രംഗത്ത്. കര്‍ഷകര്‍ക്ക് വിവിധ തരത്തിലുള്ള യന്ത്രങ്ങള്‍ വാങ്ങുന്നതിന് സഹായധനം നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു.
കുഴിയെടുക്കല്‍, കാടുവെട്ട്, വിളവെടുപ്പ്, ചോലവെട്ട് എന്നിവയ്ക്കുള്ള യന്ത്രങ്ങള്‍, സ്‌പ്രെയറുകള്‍, പവ്വര്‍ ചെയിന്‍വാള്‍, പവ്വര്‍ ടില്ലര്‍, മിനി ട്രാന്‍സ്‌പോര്‍ട്ടര്‍, റബ്ബറൈസ്ഡ് ട്രാക്ക് കാരിയര്‍ എന്നിവ വാങ്ങുന്നതിനാണ് സബ്‌സിഡികള്‍ അനുവദിക്കുന്നത്. തൊഴിലാഴികളെ വേണ്ടരീതിയില്‍ ലഭിക്കാത്ത സാഹചര്യങ്ങളില്‍ ലഭ്യമായ തൊഴിലാളികളുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹായം നല്‍കുന്നത്.
20 ഹെക്ടര്‍വരെ കാപ്പിത്തോട്ടമുള്ള കര്‍ഷകര്‍ക്ക് വാങ്ങുന്ന യന്ത്രത്തിന്റെ വിലയുടെ 50 ശതമാനവും(പരമാവധി രണ്ടുലക്ഷം രൂപ), 20 ഹെക്ടറിന് മുകളില്‍ കാപ്പിത്തോട്ടമുള്ള കര്‍ഷകര്‍ക്ക് യന്ത്രത്തിന്റെ 20 ശതമാനവും(പരമാവധി അഞ്ചുലക്ഷം രൂപ) ആയി നിജപെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ നടപടിക്രമങ്ങളും വ്യവസ്ഥകള്‍ എന്നിവയും കോഫി ബോര്‍ഡ് അംഗീകരിച്ച പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള യന്ത്രാപകരണങ്ങള്‍, അവയുടെ അംഗീകൃത വിതരണക്കാരുടെ പട്ടിക എന്നിവയും കോഫി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കാപ്പി കര്‍ഷകര്‍ക്കുപുറമെ കുറഞ്ഞത് 20 അംഗങ്ങളുള്ള രജിസ്റ്റര്‍ ചെയ്ത കാപ്പി കര്‍ഷക സംഘങ്ങള്‍, കര്‍ഷക കൂട്ടായ്മ സംഘങ്ങള്‍ എന്നിവയെല്ലാം പദ്ധതി പ്രകാരമുള്ള സഹായധനം ലഭിക്കും. പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള കോഫീബോര്‍ഡ് ലെയ്‌സണ്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്.കാപ്പിവിത്തിന് അപേക്ഷിക്കാംകല്‍പ്പറ്റ: കോഫിബോര്‍ഡ് വിവിധ കാപ്പി വിത്തുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. എസ്എല്‍എന്‍ 795, എസ്എല്‍എന്‍ 5എ, എസ്എല്‍എന്‍ 6, എസ്എല്‍എന്‍ 7.3, എസ്എല്‍എന്‍ 9, എസ്എല്‍എന്‍ 11, ചന്ദ്രഗിരി എന്നീ അറബിക്ക ഇനങ്ങള്‍, എസ് 274, സിആര്‍ റൊബസ്റ്റ് ഇനങ്ങള്‍ എന്നിവയാണ് നല്‍കുന്നത്. ഒക്ടോബര്‍ 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷയോടൊപ്പം കിലോഗ്രാമിന് 200 രൂപ തോതില്‍ മൂന്‍കൂറായി അടയ്ക്കണം.