നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച വീടുകള്‍ ഭീഷണിയാകുന്നു

Posted on: September 16, 2014 12:39 am | Last updated: September 16, 2014 at 12:39 am
SHARE

മാനന്തവാടി: ജില്ലയിലെ ആദിവാസി കോളനികളില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച വീടുകള്‍ കോളനിക്കാര്‍ ഭീഷണിയാകുന്നു.
രണ്ടും മൂന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ മേല്‍ക്കൂരയില്ലാതെ വെയിലും മഴയും കൊണ്ട് തൊട്ടാല്‍ താഴേക്ക് ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായതാണ് കോളനിക്കാരെ ഭീതിയിലാഴ്ത്തുന്നത്. തീരെ ഗുണമേന്മയില്ലാത്ത ഇഷ്ടികകളും ആവശ്യത്തിന് സിമന്റും മണലും ചേര്‍ക്കാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കോളനിയിലെ ആദിവാസികള്‍ക്കായി നടത്തുന്നത്. ആദിവാസികള്‍ അറിയാതൈ തന്നെ കരാറിലേര്‍പ്പെടുന്നയാള്‍ പണം കൈപറ്റുന്നതിനാല്‍ ജില്ലയിലെ ഭൂരിഭാഗം കോളനികളിലും പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടുകള്‍ നിലവിലുണ്ട്. കോളനികളിലെ കുട്ടികള്‍ അവധി ദിനങ്ങളില്‍ കളിക്കാനും മറ്റുമായി ഇത്തരം വീടുകളിലാണ് ഒത്തു ചേരുക. ഇതാണ് അപകടത്തിനിടവരുത്തിയത്. ഇന്നലെ തരുവണ പാലയാണ പുതുക്കോട് കോളനിയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിക്കാനിടയായത് ഇത്തരം അപകടത്തിലൂടെയാണ്. മൂന്നു വര്‍ഷം മുമ്പ് ലിന്റില്‍ പൊക്കത്തില്‍ കെട്ടി നിര്‍ത്തിയ വീടിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇന്നലെ കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്ത് വീണത്. മൂന്നു വര്‍ഷം മുമ്പാണ് വീടിന്റെ പണി കരാരെടുത്തത്. പണത്തിന്റെ ഭൂരിഭാഗവും കൈക്കലാക്കി കരാറു കാരന്‍ പണി ഉപേക്ഷിക്കുകയായിരുന്നു. ഇതെ കരാറുകാരന്‍ തന്നെ പണി ഏറ്റെടുത്ത് ഉപേക്ഷിച്ച നിരവധി വീടുകള്‍ വെള്ളമുണ്ട പഞ്ചായത്തിന്റെ വിവിധ കോളനികളിലുണ്ട്. പണി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ വെള്ളമുണ്ട പോലീസില്‍ നല്‍കിയിരുന്നു.
പോലീസ് അന്വേഷിച്ചെത്തുമ്പോള്‍ പെട്ടെന്ന് പണി തീര്‍ക്കാമെന്ന വാക്കില്‍ ഒത്തു തീര്‍പ്പാക്കുകയാണുണ്ടായത്. എന്നാല്‍ മഴുവന്നൂര്‍ കോളനിയിലേതുള്‍പ്പെടെ നിരവധി ആദിവാസി വീടുകള്‍ ഇപ്പോഴും തറയിലും ചുമരിലും ഒതുങ്ങുകയാണ്. നവ്യയുടെ മരണത്തില്‍ ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.