മദ്യനയം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

Posted on: September 16, 2014 11:36 am | Last updated: September 17, 2014 at 12:18 am
SHARE

Alcoholതിരുവനന്തപുരം; സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ 292 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. മദ്യനയം സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്നും ഇതില്‍ കോടതി ഇടപെടരുതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഭരണഘടനാപരമായിട്ടാണ് സര്‍ക്കാര്‍ മദ്യനയം തീരുമാനിച്ചത്. പൊതുജനാരോഗ്യവും സാമൂഹിക താല്‍പര്യവും മുന്‍നിര്‍ത്തിയാണ് ബാറുകള്‍ പൂട്ടുന്നത്. ബാര്‍ വില്‍പന മൗലികാവകാശമല്ലെന്നും സത്യാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, കേസിലെ എതിര്‍ കക്ഷികളായ ബാറുടമകള്‍ നാളെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കും. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. 18ന് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് കേസ് പരിഗണിക്കുമ്പോള്‍ കപില്‍ സിബലാകും സര്‍ക്കാറിന് വേണ്ടി ഹാജരാകുക എന്നാണ് റിപ്പോര്‍ട്ട്. ഇരു സത്യവാങ്മൂലങ്ങളും പരിശോധിച്ചശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക. ഈ മാസം മുപ്പതിനകം ഹൈക്കോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്. ബാറുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് എഴുപത് കേസുകളാണ് ഹൈക്കോടതിയിലുള്ളത്. നേരത്തേ സര്‍ക്കാര്‍ പൂട്ടിയ 418 ബാറുകളുടെ ഉടമകളും ഇപ്പോള്‍ അടക്കാന്‍ തീരുമാനിച്ചിട്ടുള്ള 292 ബാറുടമകളും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവയെല്ലാം പരിഗണിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

നേരത്തെ ഉന്നയിച്ച അതേ വാദവുമായി സര്‍ക്കാറിനെ നേരിടാനാണ് ബാറുടമകള്‍ തയ്യാറെടുക്കുന്നത്. സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതും പഞ്ചനക്ഷത്ര ബാറുകള്‍ പൂട്ടുന്നില്ല എന്നതുമായിരിക്കും പ്രധാന വാദം. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് ബാറുടമകള്‍ പറഞ്ഞു.