Connect with us

Eranakulam

പൂര്‍ണ മദ്യ നിരോധം ആവശ്യപ്പെട്ട് മദ്യനിരോധന സമിതി സമരത്തിലേക്ക്‌

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിലേക്ക്. സര്‍ക്കാരിന്റെ മദ്യനയത്തിന് പിന്തുണ പ്രഖ്യാപിച്ച സമിതി സംസ്ഥാനമൊട്ടാകെ മദ്യനിരോധം പൂര്‍ണമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരത്തിനൊരുങ്ങുന്നതെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ വസതിയില്‍ വിളച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
മദ്യനിരോധം ഊര്‍ജസ്വലമായി നടപ്പാക്കാന്‍ കോടതി, എക്‌സിക്യൂട്ടീവ്, ലെജിസ്ലേഷന്‍ എന്നീ മൂന്ന് വിഭാഗങ്ങളും മുന്നോട്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു. കേരളത്തിലെ ടൂറിസവും ഐ ടി വ്യവസായവും തകരാന്‍ കാരണം മദ്യമാണെന്നും അവര്‍. 18 മുതല്‍ കച്ചേരിപ്പടി ഗാന്ധി പീസ് ഫൗണ്ടേഷനിലെ ഗാന്ധി പ്രതിമക്ക് മുന്നിലാണ് സത്യഗ്രഹ സമരം നടത്തുന്നത്. മദ്യനിരോധ സന്ദേശ പ്രചരണ ജാഥയ്ക്കും ഇതൊടൊപ്പം തുടക്കമാകും.
മദ്യനയം നടപ്പാക്കുന്നതില്‍ വി എം സുധീരന്‍ വഹിച്ച പങ്ക് വലുതാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ മുസ്‌ലിം ലീഗ് ഇതിന് പൂര്‍ണ പിന്തുണ അറിയിച്ചത് നയരൂപവത്കരണത്തിന് സഹായകരമായി. എന്തിനെയും എതിര്‍ക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വരെ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന പി സി ജോര്‍ജിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ നിലപാടുമാറ്റത്തെയാണ് വ്യക്തമാക്കുന്നത്. മുമ്പ് പൂര്‍ണ മദ്യനിരോധം കൊണ്ടുവരണമെന്ന് പറഞ്ഞ നേതാവാണ് പി സി ജോര്‍ജ്. ബിയര്‍ പാര്‍ലറുകള്‍ മദ്യ ഷോപ്പുകളുടെ നഴ്‌സറിയാണ്. മദ്യനയത്തില്‍ നിന്ന് പിന്നോക്കമില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കുകയാണ്. മുഖ്യമന്ത്രി പിന്‍മാറിയാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പറഞ്ഞു.
മദ്യനിരോധം നടപ്പാക്കിയാല്‍ കേരളത്തിലെ വ്യവസായ നിക്ഷേപ സംരംഭങ്ങള്‍ തകരുമെന്നത് തെറ്റിദ്ധാരണയാണ്. മദ്യം വഴി രാജ്യത്തിനും ജനതക്കുമുണ്ടാകുന്ന നഷ്ടം ഭീമ മാണ്. സംസ്ഥാനത്ത 90 ശതമാനം ആളുകളും പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാഗ്രഹിക്കുന്നവരാണ്. മദ്യ മുതലാളിമാരുടെ വക്കാലത്തുമായി നടക്കുന്നവരാണ് ആക്രോശങ്ങള്‍ക്ക് പിന്നില്‍. പൊതുസ്ഥലത്തെ പുകവലി നിരോധനം സംസ്ഥാനത്ത് പുകവലി ശീലം കുറച്ചിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യത ഇല്ലാതായാല്‍ ആ ശീലത്തെയും പൂര്‍ണമായി ഒഴിവാക്കാനാകും. ഇതിലൂടെ ആരോഗ്യപൂര്‍ണമായ മനസ്സും ആത്മാവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനാകുമെന്നും ഭാരവാഹികള്‍. വാര്‍ത്താസമ്മേളനത്തില്‍ ഫാ. മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തു.