Connect with us

Kozhikode

മദ്‌റസകള്‍ സമാധാനം പഠിപ്പിക്കുന്ന പണിപ്പുരകള്‍: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: മദ്‌റസകള്‍ തീവ്രവാദ കേന്ദ്രങ്ങളല്ലെന്നും സമാധാനം പഠിപ്പിക്കുന്ന പണിപ്പുരകളാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
കാശ്മീരില്‍ വെള്ളപ്പൊക്ക ദുരന്തം അനുഭവിക്കുന്നവര്‍ക്കായി മര്‍കസില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസകളില്‍ പഠിപ്പിക്കുന്നത് ഭീകരവാദ വിദ്യാഭ്യാസമാണെന്ന് ബി ജെ പി. എം പി സാക്ഷി മഹാരാജയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് കാന്തപുരം ഇക്കാര്യം പറഞ്ഞത്. കാശ്മീരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാ സമ്മേളനം മര്‍കസ് കാശ്മീര്‍ ഹോമില്‍ നടന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മര്‍കസില്‍ പഠിക്കുന്ന ഇരുനൂറോളം കാശ്മീര്‍ വിദ്യാര്‍ഥികളില്‍ ചിലരുടെ കുടുംബാംങ്ങളും വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നുണ്ട്.
മര്‍കസിലെ കാശ്മീര്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച എന്റിച്ച്‌മെന്റ്- 14 ക്യാമ്പ് സമാപനച്ചടങ്ങും കാന്തപുരം ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ ക്ലാസുകള്‍, പഠന യാത്രകള്‍, ഉന്നത വിദ്യാഭ്യാസ ഗൈഡന്‍സ് ക്ലാസുകള്‍ നടന്നു. മികച്ച വിദ്യാര്‍ഥി, മികച്ച ഗ്രൂപ്പ്, മികച്ച മാഗസിന്‍ എന്നിവക്ക് സമ്മാനം നല്‍കി. കാശ്മീരിലെ വെള്ളപ്പൊക്ക ദുരിതം കാരണം ഈ അവധിക്കാലത്ത് നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മര്‍കസ് കാശ്മീര്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച ക്യാമ്പാണ് എന്റിച്ച്‌മെന്റ്- 14.
ചടങ്ങില്‍ ഫൈറൂസ് മുസ്‌ലിയാര്‍, ഇ കെ അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍, മൂസ സഖാഫി ആശംസകളറിയിച്ചു. ജാവീദ് ഇഖ്ബാല്‍ സഖാഫി, ഷാഹിദ് സുഹൈല്‍ സഖാഫി, ശരീഫ് മാസ്റ്റര്‍, ഡോ. അബൂബക്കര്‍ നിസാമി സംബന്ധിച്ചു. മര്‍സൂഖ് സഅദി സ്വാഗതവും അബ്ദുല്‍ കരീം അംജദി നന്ദിയും പറഞ്ഞു.

Latest