എസ് വൈ എസ് ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

Posted on: September 16, 2014 12:17 am | Last updated: September 16, 2014 at 12:17 am
SHARE

മക്ക: കേരളത്തിലെ പ്രമുഖ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളായ എസ് വൈ എസ് ഹജ്ജ് സെല്ലിന്റെയും മര്‍കസ് ഹജ്ജ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള തീര്‍ഥാടകര്‍ പുണ്യ ഭൂമിയില്‍ എത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ സംഘം മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. എസ് വൈ എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശിയാണ് എസ് വൈ എസ് സംഘത്തെ നയിക്കുന്നത്. അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം, മുനീര്‍ സഖാഫി പാറക്കടവ്, അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, അശ്‌റഫ് സഖാഫി കടവത്തൂര്‍ എന്നീ പ്രമുഖരും സംഘത്തെ അനുഗമിക്കുന്നുണ്ട്.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റും മര്‍കസ് ജനറല്‍ മാനേജറുമായ സി മുഹമ്മദ് ഫൈസിയാണ് മര്‍കസ് സംഘത്തിന്റെ ചീഫ് അമീര്‍. മുഹമ്മദലി സഖാഫി വള്ളിയാടും മര്‍കസ് സംഘത്തിലുണ്ട്.
ഹറമിന് അടുത്ത് അജ്ജിയാദിലെ ഒലയാന്‍ മക്ക ഹോട്ടലിലാണ് ഇരു സംഘങ്ങളും താമസിക്കുന്നത്. മക്കയിലെ ആരാധനകളും പുണ്യ സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങളും പൂര്‍ത്തിയാക്കി ദുല്‍ഖഅദ് അവസാനം മദീനയിലേക്ക് തിരിക്കുന്ന സംഘം മദീന സന്ദര്‍ശനത്തിന് ശേഷം ദുല്‍ഹജ്ജ് ആറിന് മദീനയിലെ അബിയാര്‍ അലിയില്‍ നിന്ന് ഹജ്ജിന് ഇഹ്‌റാം ചെയ്ത് മിനയിലേക്ക് പുറപ്പെടും.
ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇരു സംഘങ്ങള്‍ക്കും മക്കയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഐ സി എഫ് സഊദി നാഷനല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ ബുഖാരി, ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറിമാരായ ജലീല്‍ വെളിമുക്ക്, മുജീബ് എ ആര്‍ നഗര്‍, സൈതലവി സഖാഫി കിഴിശ്ശേരി, കുഞ്ഞാപ്പു ഹാജി പട്ടര്‍കടവ്, ഉസ്മാന്‍ കുറുകത്താണി, അഹ്മദ് മീരാന്‍ സഖാഫി, നാസര്‍ കൊടുവള്ളി, നജീം തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (ജിദ്ദ) അശ്‌റഫ് പേങ്ങാട്, അബ്ദുര്‍റസാഖ് സഖാഫി, സല്‍മാന്‍ വെങ്കളം, മുഹമ്മദലി വലിയോറ നേതൃത്വം നല്‍കി.