Connect with us

National

മഹാരാഷ്ട്രയില്‍ എന്‍ സി പി- കോണ്‍ഗ്രസ് ബന്ധത്തിലും വിള്ളല്‍

Published

|

Last Updated

മുംബൈ: ബി ജെ പിക്കും ശിവസേനക്കും പിറകേ മഹാരാഷ്ട്രയിലെ എന്‍ സി പി- കോണ്‍ഗ്രസ് ബന്ധത്തിലും വിള്ളലെന്ന് സൂചന. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 144 സീറ്റുകള്‍ ലഭിക്കണമെന്ന നിലപാടിലാണ് എന്‍ സി പി. ഇക്കാര്യമടക്കം കാണിച്ച് സംസ്ഥാന ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തെഴുതിയിരിക്കുകയാണ്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയെന്നാണ് അറിയുന്നത്. 2009ല്‍ എന്‍ സി പി 114 സീറ്റുകളിലാണ് മത്സരിച്ചത്.
ഏതാനും ദിവസം മുമ്പ് നടന്ന സീറ്റ് വിഭജന ചര്‍ച്ച എങ്ങുമെത്താതെ അവസാനിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപവത്കരിക്കണമോ അതോ ശേഷം രൂപപ്പെടുന്ന സഖ്യം മതിയോ എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ പിന്നീട് പ്രതികരിച്ചത്. ഭരണ സഖ്യത്തിലെ വിള്ളലിന്റെ ലക്ഷണമാണ് ഈ പ്രതികരണമെന്നാണ് വിലയിരുത്തല്‍. എന്‍ സി പിയും കോണ്‍ഗ്രസും കൈകോര്‍ത്ത് നടക്കുന്ന ആറാമത്തെ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ചവാന്‍ നല്‍കിയ മറുപടി സാമൂഹിക സ്വീകാര്യതയുള്ള ആള്‍ എന്നാണ്.
1999ല്‍ എന്‍ സി പി രൂപവത്കൃതമായ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ശേഷം സഖ്യമായി സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ സഖ്യത്തിലേക്ക് തിരിഞ്ഞ ഈ പാര്‍ട്ടികള്‍ 2004 മുതല്‍ നിയമസഭാ, ലോക്‌സഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെല്ലാം ഒരുമിച്ചാണ് മത്സരിക്കുന്നത്.

Latest