Connect with us

National

ഹഫിസ് സഈദിനെതിരെ പാക്കിസ്ഥാനില്‍ ഒരു കേസുമില്ല;ഹൈക്കമ്മീഷ്ണര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ജമാഅത്തുദ്ദഅ്‌വ മേധാവി ഹാഫിസ് സഈദിനെതിരെ ഒരു കേസും പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്നില്ലെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്. ഹാഫിസ് സഈദിന് രാജ്യത്തെവിടെ പോകാനും വിലക്കില്ല. കാരണം അദ്ദേഹത്തിനെതിരെ കേസുകളൊന്നും നിലനില്‍ക്കുന്നില്ല. അദ്ദേഹം സ്വതന്ത്രനായ പൗരനാണ്. അതുകൊണ്ട് രാജ്യത്തിന്റെ ഏത് ഭാഗത്ത് സഞ്ചരിക്കുന്നതിലും പാക്കിസ്ഥാനെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമല്ലെന്ന് ബാസിത് പറഞ്ഞു. നിയന്ത്രണ രേഖയോട് ചേര്‍ന്ന് ഹാഫിസ് പാക് സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് വാര്‍ത്താ ലേഖകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ബാസിതിന്റെ പ്രതികരണം.
ഹാഫിസ് സഈദിനെതിരായ കേസുകളിലെല്ലാം കോടതികള്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ഒരു കേസും നിലനില്‍ക്കാത്ത ഒരു പൗരന് എങ്ങനെ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകുമെന്ന് ബാസിത് ചോദിച്ചു. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സഈദിന്റെ ഈ കേസിലെ വിചാരണ വേഗത്തിലാക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹാഫിസ് സഈദ് മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ തന്നെയാണെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പ്രതികരിച്ചു. ഇന്ത്യക്കെതിരെ സ്ഥിരമായി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹാഫിസ് സഈദിനെ ഭീകരവാദികളുടെ പട്ടികയിലാണ് അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ ജല ഭീകരവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഹാഫിസ് സഈദ് ഈയടുത്ത് ആരോപിച്ചിരുന്നു. ഒരു ഭാഗത്ത് മുന്നറിയിപ്പില്ലാതെ നദിയിലെ വെള്ളം തുറന്നുവിടുകയും ഇതേ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായാല്‍ സഹായവാഗ്ദാനവുമായി വരികയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇന്ത്യയുടെതെന്നായിരുന്നു സഈദിന്റെ പരാമര്‍ശം. വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പാക്കിസ്ഥാന് സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

Latest