Connect with us

National

ശിവസേന- ബി ജെ പി ബന്ധം വഷളാകുന്നു

Published

|

Last Updated

മുംബൈ: മോദി തംരംഗമെന്ന പ്രചാരണത്തെ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ തള്ളിപ്പറഞ്ഞതിന് പിറകേ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സേനാ- ബി ജെ പി ബന്ധം കൂടുതല്‍ വഷളാകുന്നു. സീറ്റ് വിഭജന ചര്‍ച്ച ഇനിയും പൂര്‍ത്തിയായിട്ടില്ല. 135 സീറ്റില്‍ മത്സരിക്കുമെന്ന ബി ജെ പിയുടെ പ്രഖ്യാപനം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് ഉദ്ധവ് താക്കറെ ഇന്നലെയും ആവര്‍ത്തിച്ചു. ബി ജെ പി അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഒറ്റക്ക് മത്സരിക്കുന്നതടക്കമുള്ള വഴികള്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാറ്റിനും ബദല്‍ മാര്‍ഗങ്ങളുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നതില്‍ സന്തോഷമേ ഉള്ളൂ. ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന നിലയില്‍ ബി ജെ പി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ചര്‍ച്ചയില്‍ ഒരു നിലക്കും പങ്കെടുക്കാത്തവര്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്താതിരിക്കുകയാണ് വേണ്ടത്. കൂടിയാലോചനകള്‍ തുടര്‍ന്നേക്കും. പക്ഷേ, 135 സീറ്റുകള്‍ വകവെച്ച് കൊടുക്കാനാകില്ല. ഈ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഉദ്ധവ് പറഞ്ഞു.
കാവി സഖ്യം അധികാരത്തില്‍ എത്തിയാല്‍ ഇത്തവണ മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച പറഞ്ഞിരുന്നു. 2009ല്‍ ശിവസേന 169 സീറ്റിലും ബി ജെ പി 119 സീറ്റിലുമാണ് മത്സരിച്ചത്. രാജു ഷെട്ടിയുടെ പാര്‍ട്ടിയടക്കമുള്ള ചെറു പാര്‍ട്ടികള്‍ക്ക് സീറ്റുകള്‍ നല്‍കിയ ശേഷം ഇരു പാര്‍ട്ടികളും 135 വീതം സീറ്റുകളില്‍ മത്സരിക്കുകയെന്ന ഫോര്‍മുലയാണ് ബി ജെ പി വക്താവ് രാജീവ് പ്രതാപ് റൂഡി മുന്നോട്ട് വെച്ചിട്ടുള്ളത്.
“25 വര്‍ഷമായി തുടരുന്ന സഖ്യം നിലനില്‍ക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. കോണ്‍ഗ്രസ്- എന്‍ സി പി സഖ്യത്തിന്റെ കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കുകയാണ് ലക്ഷ്യം. അതിന് സേനയുടെ പങ്ക് ബി ജെ പി അംഗീകരിച്ചേ മതിയാകൂ. ബാല്‍ താക്കറെ ഉള്ളപ്പോള്‍ അതായിരുന്നു തീരുമാനം. ലോക്‌സഭയിലേക്ക് ബി ജെ പി മിഷന്‍ 272 പ്രഖ്യാപിച്ചു. ഇവിടെ ഞങ്ങള്‍ മിഷന്‍ 150 പ്രഖ്യാപിക്കുന്നു. ആര്‍ക്കാണ് അത് തടയാനാകുക”- ഉദ്ധവ് ചോദിച്ചു.
സംസ്ഥാനത്ത് ബി ജെ പി സാവധാനം ചുവടുറപ്പിക്കുന്നുണ്ടെന്ന വിലയിരുത്തല്‍ ശിവസേനക്കുണ്ട്. ചില സര്‍വേകള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ആത്മവിശ്വാസത്തില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ ബി ജെ പിക്ക് സാധിച്ചാല്‍ രണ്ടാം നിര സഖ്യശക്തിയായി ശിവസേന അധഃപതിക്കും. ഇത് മുന്‍കൂട്ടിക്കണ്ടാണ് സീറ്റ് വിഭജനത്തില്‍ സേന സ്വരം കടുപ്പിക്കുന്നത്. 2009ലെ നില തുടരണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് വകവെച്ചു കൊടുക്കേണ്ടതില്ലെന്നാണ് ബി ജെ പിയുടെ നിലപാട്. ഇനി ഒരു ചര്‍ച്ചയും ഇല്ലെന്നാണ് ബി ജെ പി നേതാക്കള്‍ പുറത്തു പറയുന്നത്.

Latest