Connect with us

National

ലഡാക്കില്‍ ചൈന കനാല്‍ നിര്‍മാണം തടസ്സപ്പെടുത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി/ ശ്രീനഗര്‍: ലഡാക്കില്‍ ചൈനീസ് സൈനികര്‍ കടന്നുകയറിയെന്ന സംഭവത്തിന് പിന്നാലെ, പ്രദേശത്ത് നടക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ചൈന തടസ്സപ്പെടുത്തുന്നതായി ലേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഡെംചോക്ക് പ്രദേശത്ത് ദേശീയ എന്‍ ആര്‍ ജി ഇ എ പദ്ധതി അനുസരിച്ച് നടക്കുന്ന ജലസേചന കനാല്‍ നിര്‍മാണത്തില്‍ ഒരാഴ്ചയായി ചൈന പ്രതിഷേധം അറിയിക്കുകയാണെന്ന് ലേ ജില്ലാ മജിസ്‌ട്രേറ്റ് എസ് എസ് ഗില്‍ അറിയിച്ചു.
ചൈനീസ് പൗരന്‍മാരും സര്‍ക്കാര്‍ വാഹനങ്ങളില്‍ ഉദ്യോഗസ്ഥരും വന്ന് നിര്‍മാണത്തെ എതിര്‍ക്കുകയും ബാനര്‍ ഉയര്‍ത്തിക്കാണിക്കുകയുമാണ്. ഒരാഴ്ചയായി ഇവിടെ ചൈനീസ് സൈന്യം, ഇന്ത്യന്‍ സൈന്യവുമായി മുഖാമുഖം നിലയുറപ്പിച്ചിട്ടുണ്ട്. പൗരന്‍മാരും ഇന്ത്യക്കാര്‍ക്കെതിരെ നിലയുറപ്പിച്ചിട്ടുണ്ടെന്നും സ്ഥിതി ആശങ്കാജനകമാണെന്നും ഗില്‍ അറിയിച്ചു. ലഡാക്കില്‍ ചുമുറില്‍ ഇന്നലെ ഇരുവിഭാഗം സൈനികരും മുഖാമുഖം നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡെംചോക്കില്‍ 500 മീറ്റര്‍ ഉള്ളിലേക്ക് ചൈനീസ് സൈനികര്‍ പ്രവേശിച്ചിരുന്നു. നൂറോളം വരുന്ന ഇന്ത്യന്‍ സൈനികരെ മൂന്നോറൂളം ചൈനീസ് സൈനികര്‍ വളഞ്ഞ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പ്രദേശത്താണ് സൈനികര്‍ നിലയുറപ്പിച്ചത് എന്നത് ആശങ്കയുയര്‍ത്തുന്നു. കഴിഞ്ഞ 11 ാം തീയതി മുതലാണ് മുപ്പതോളം ചൈനീസ് സൈനികര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ഇവരെ നേരിടാന്‍ എഴുപതോളം ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസി(ഐ ടി ബി പി)നെ വിന്യസിച്ചിട്ടുണ്ട്.
ലഡാക്കില്‍ ബര്‍ട്‌സ് മേഖലയില്‍ കഴിഞ്ഞ മാസം ചൈനീസ് സൈനികര്‍ 25 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നിരുന്നു. ഈ വര്‍ഷം ഇതുവരെ 334 കടന്നുകയറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഈയാഴ്ച ഇന്ത്യയില്‍ വരുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവങ്ങള്‍.

Latest