Connect with us

Editorial

വാഹന പരിശോധന പീഡനമാകരുത്

Published

|

Last Updated

വാഹനപരിശോധനയുടെ പേരില്‍ നിരത്തുകളില്‍ ട്രാഫിക് പോലീസ് യാത്രക്കാരെ പീഡിപ്പിക്കുന്നതായുള്ള ആക്ഷേപം വ്യാപകമാണ്. വാഹനം ഓടിക്കുന്നവരെ നിയമം അനുസരിക്കാന്‍ പ്രേരിപ്പിക്കാനായിരിക്കണം പരിശോധനയെന്നും അവരെ കേസില്‍ കുടുക്കാനാകരുതെമെന്നും ഉത്തരവാദപ്പെട്ടവര്‍ പലപ്പോഴും ഉദ്യോഗസ്ഥരെ ഓര്‍മപ്പെടുത്താറുണ്ട്. ഈ വര്‍ഷത്തെ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്; റോഡ് പരിശോധനയെ ചൊല്ലി വാഹനം തടഞ്ഞുനിര്‍ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയോ പ്രകോപിതരാക്കുകയോ അരുതെന്നും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയായായിരിക്കണം നിയമലംഘകരെ പിടികൂടേണ്ടതെന്നുമാണ്. ഞായറാഴ്ച കോട്ടയത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യവെ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈ നിര്‍ദേശം ആവര്‍ത്തിക്കുകയുണ്ടായി. യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി മാന്യമായ രീതിയിലായിരിക്കണം പരിശോധന. അതിന്റെ പേരില്‍ അവരെ ദ്രോഹിക്കരുതെന്നും അദ്ദേഹം ഉണര്‍ത്തി.
സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റോഡ് പരിശോധന കര്‍ക്കശമാക്കേണ്ടതു തന്നെ. മദ്യപിച്ചു വാഹനം ഓടിക്കുക, ഹെല്‍മറ്റ് ധരിക്കാതിക്കുക, അമിതവേഗം, ആവശ്യമായ ലൈസന്‍സിന്റെ അഭാവം, ഡ്രൈവിംഗ് വേളയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളും അപകട കാരണങ്ങളും ഇല്ലായ്മ ചെയ്യാന്‍ പോലീസ് ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പേരില്‍ പലപ്പോഴും യാത്രക്കാര്‍ കടുത്ത ദ്രോഹവും പീഡനവും ഏല്‍ക്കേണ്ടി വരുന്നു. ഏതുവിധേനയും വാഹനമോടിക്കുന്നവരെ കേസില്‍ കുടുക്കുകയോ പിഴയടപ്പിക്കുകയോ ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധി ചില ഉദ്യോഗസ്ഥരില്‍ പ്രകടമാണ്. പെറ്റിക്കേസുകളുടെ എണ്ണം തികക്കുകയാണ് ചില പരിശോധനകളുടെ ലക്ഷ്യം. രാത്രിയില്‍ മദ്യപിച്ചു ലക്കില്ലാതെ വാഹന പരിശോധന നടത്തുന്നവരുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം യാത്ര ചെയ്യുന്നവരെ പോലും പരിശോധനയുടെ പേരില്‍ ഏറെ നേരം തടഞ്ഞു നിര്‍ത്തുന്നു. അപകടം പതിവായ കൊടുംവളവുകളിലും , വാഹനങ്ങള്‍ നിര്‍ത്താന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളിലുമാണ് പലപ്പോഴും പരിശോധന. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടിയെന്ന പേരില്‍ നടത്തുന്ന ഇത്തരം പരിശോധനകള്‍ അവരുടെ ജീവന്‍ കവര്‍ന്ന സംഭവങ്ങള്‍ വരെയുണ്ട്. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം ആര്‍ പ്രദീപ്കുമാറിന്റെ ദുരന്തമരണം റോഡ് നിയമപരിപാലനത്തിന്റെ പേരില്‍ പോലീസ് നടത്തിയ വഴിവിട്ട പരിശോധനയെ തുടര്‍ന്നായിരുന്നല്ലോ. തിരുവനന്തപുരം കിള്ളി സംഭവം വന്‍വിവാദമായതാണ്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച യാത്രക്കാരനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് കിള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് അരിശം തീര്‍ത്തത് നിരപരാധികളോടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിന് രാത്രിയില്‍ 200 ഓളം വരുന്ന പോലീസ് സംഘം കിള്ളിയിലെ വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളും കുട്ടികളുമടക്കവുള്ളരെ ക്രൂരമായി മര്‍ദിക്കുകയും സംഭവ സമയത്ത് സ്ഥലത്തില്ലാവരെ പോലും പ്രതിയാക്കി കേസെടുക്കുകയുമുണ്ടായി.
റോഡ് നിയമങ്ങള്‍ ശരിയായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ആധുനിക ഉപകരണങ്ങള്‍ ഇന്ന് ലഭ്യമാണ്.രാത്രിയില്‍ പോലും 80 മീറ്റര്‍ ദൂരത്ത് നിന്നേ വാഹനത്തിന്റെ ചിത്രവും നമ്പര്‍ പ്ലേറ്റും വ്യക്തമായി പകര്‍ത്താന്‍ കഴിയുന്ന സര്‍വെലെന്‍സ് ക്യാമറ, കിലോമീറ്ററുകള്‍ക്കപ്പുറത്തെ വാഹനത്തിന്റെ പോലും വേഗവും സ്ഥലവും സമയവും ജി പി എസ് സംവിധാനത്തിലൂടെ കൃത്യമായി രേഖപ്പെടുത്തുന്ന ലേസര്‍ എയ്ഡ് ഓവര്‍സ്പീഡ് ഡിറ്റക്ടര്‍ ക്യാാമറ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ സംസ്ഥാന പോലീസിന്റെ വശമുണ്ട്. ഇവയുടെ സഹായത്തോടെ തികച്ചും പരിഷ്‌കൃത മാര്‍ഗങ്ങളിലൂടെ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കഴിയും. പിന്നെന്തിനാണ് വേട്ടമൃഗങ്ങളെ പോലെ വളവുകളിലും തിരിവുകളിലും ഒളിഞ്ഞിരുന്നു യാത്രക്കാരുടെ മേല്‍ പെട്ടെന്ന് ചാടി വീഴുന്ന അപരിഷ്‌കൃത രീതി അവലംബിക്കുന്നതും വെറുതെ പീഡിപ്പിക്കുന്നതും? നിയമപാലകരും ജനങ്ങളും തമ്മില്‍ നല്ല ബന്ധം വളര്‍ത്തിയെടുക്കാന്‍ ജനമൈത്രി പോലീസ് പോലെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കെ, റോഡ് പരിശോധനയുടെ പേരില്‍ യാത്രക്കാരെ വേട്ടയാടുന്ന പ്രവണത തുടരുന്നത് പോലീസ് സേനക്കും പരിഷ്‌കൃത സമൂഹത്തിനും ചേര്‍ന്നതല്ല.