ലോകം വീണ്ടും ഓസോണ്‍ കുട നിവര്‍ത്തുന്നു

Posted on: September 16, 2014 5:03 am | Last updated: September 16, 2014 at 12:06 am
SHARE

ozone day 2011ഇന്ന് ലോക ഓസോണ്‍ ദിനം

സൂര്യനില്‍ നിന്നുള്ള മാരകമായ റേഡിയേഷനുകളെ അരിപ്പ പോലെ അരിച്ച് ജീവനു വേണ്ട രശ്മികളെ മാത്രം ഭൂമിയിലേക്കെത്തിക്കുന്ന ധര്‍മമാണ് ഓസോണ്‍ പാളി നിര്‍വഹിക്കുന്നത്. എന്നാല്‍ ഓസോണ്‍ അന്തരീക്ഷത്തില്‍ വായുമണ്ഡലത്തലെത്തിയാല്‍ മാരകമാണ് താനും.
മനുഷ്യന്‍ വേഗത്തിന് വേണ്ടി വാഹനം ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ ഫോസില്‍ ഇന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുകയും അന്തരീക്ഷ മലിനീകരണം രൂക്ഷമാകുകയും ചെയ്തു. നൈട്രജന്റെ ഓക്‌സൈഡുകളും ഹൈഡ്രോ കാര്‍ബണുകളും വാഹനങ്ങള്‍ വഴി പുറത്തുവരുന്നത് അന്തരീക്ഷത്തിലെ അള്‍ട്രാ വയലറ്റ് രശ്മികളാല്‍ പ്രതിപ്രവര്‍ത്തിച്ച് ഭൂതതലത്തില്‍ കൂടുതല്‍ ഓസോണുകള്‍ ഉണ്ടാകുന്നതിന് ഇട വരുത്തുന്നുണ്ട്.
ഭൂമിക്ക് ചുറ്റുമുള്ള ഓസോണ്‍ പാളിക്ക് ശോഷണം സംഭവിച്ചതായി 1970കളിലാണ് ആദ്യമായി വാര്‍ത്ത വന്നത്. 1985ല്‍ ഈ ഓസോണ്‍ പാളിയിലെ കനം കുറവിനെ ഓസോണ്‍ ദ്വാരം എന്നാണ് പൊതുവെ വിളിച്ചുപോന്നത്. ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും ഈ പ്രതിഭാസമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഓസോണ്‍ പാളിയെ ശോഷിപ്പിക്കുന്ന രാസവസ്തുക്കള്‍ കാറ്റിന്റെ ഗതിയനുസരിച്ച് ധ്രുവപ്രദേശങ്ങളില്‍ അടിഞ്ഞുകൂടുന്നതാണ് അവിടെ ഓസോണ്‍ ദ്വാരം സൃഷ്ടിക്കപ്പെടാന്‍ കാരണമാകുന്നതെന്ന് കണ്ടെത്തി.
ഇത് സൂര്യനില്‍ നിന്നുള്ള യു വി ബി എന്ന അതിമാരകമായ റേഡിയേഷനുകള്‍ ഭൂമിയിലെത്തുന്നതിന് കാരണമായി. സൂപ്പര്‍സോണിക് വിമാനങ്ങളില്‍ നിന്നും പുറംതള്ളുന്ന നൈട്രിക് ഓക്‌സൈഡുകള്‍ ശീതീകരണ യന്ത്രങ്ങള്‍, എയര്‍ കണ്ടീഷനുകള്‍, ഫ്രീസറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ക്ലോറോ ഫഌറോ കാര്‍ബണുകള്‍(സി എഫ് സി), ഡ്രൈ ക്ലീനിംഗിന് ഉപയോഗിക്കുന്ന ഫയര്‍ എസ്റ്റിന്‍ഗുഷറുകള്‍, രാസ വ്യവസായശാലകളില്‍ നിന്നു പുറത്തുവിടുന്ന ടെട്രാ ക്ലോറൈഡ്, മീഥൈല്‍ ക്ലോറോ ഫോം, ഹാലോണുകള്‍, ബ്രോമിനേറ്റഡ് ഫഌറോ കാര്‍ബണുകള്‍ എന്നിവ ഓസോണ്‍ പാളി ശോഷണത്തിന് കാരണമാകുന്ന വാതകങ്ങളില്‍ ചിലത് മാത്രം. മനുഷ്യന്‍ സുഖലോലുപതയോടെ ജീവിക്കാന്‍ സൃഷ്ടിച്ചെടുത്ത രാസപദാര്‍ഥങ്ങളാണിവയെല്ലാം.
ഇതിന്റെ ഫലമായാണ് സൂര്യനില്‍ നിന്നുള്ള മാരക റേഡിയേഷനുകള്‍ കൂടുതലായി ഭൗമോപരിതലത്തിലെത്തുന്നത്. ഇത് മനുഷ്യനിലും മൃഗങ്ങളിലും വ്യാപകമായി ക്യാന്‍സര്‍ സൃഷ്ടിച്ചു. ജീവികളില്‍ കാഴ്ചശക്തിയും രോഗപ്രതിരോധ ശേഷിയും നഷ്ടപ്പെടുന്നതിന് കാരണമായി. കാര്‍ഷിക വിളവ് കുറയുന്നതിനും അള്‍ട്രാ വയലറ്റ് രശ്മികള്‍ ഇട വരുത്തി. ചെടികളില്‍ ഓസോണ്‍ വഴി കൂടുതലായി ശ്വസനം നടക്കുകയും കൂടുതല്‍ കരുതല്‍ ഭക്ഷ്യശേഖരം ഉപയോഗപ്പെടുകയും ചെയ്യുന്നതിനാല്‍ ഭക്ഷ്യ ഉത്പാദനം പല വിളകളിലും നേര്‍ പകുതിയായി കുറഞ്ഞു. കളകളും രോഗാണുക്കളും കീടങ്ങളും രോഗം പരത്തുന്ന ജീവികളും എണ്ണത്തില്‍ വര്‍ധിച്ചു. കടല്‍ ആവാസ വ്യവസ്ഥയില്‍ പ്ലവക സസ്യങ്ങള്‍ മുതല്‍ തിമിംഗലം വരെയുള്ള ജീവജാലങ്ങള്‍ക്ക് ക്യാന്‍സറും മറ്റു രോഗങ്ങളും വര്‍ധിച്ചു. പ്രജനനത്തെ ഇത് സാരമായി ബാധിച്ചു.
ഓസോണ്‍ പാളി വീണ്ടെടുക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ യു എന്‍ ഇ പി 43 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മോണ്‍ട്രിയാലില്‍ ഒരു കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. 1987ല്‍ രൂപം കൊണ്ട മോണ്‍ട്രിയാല്‍ പ്രോട്ടോക്കോള്‍, ഓസോണ്‍ പാളിയുടെ തിരിച്ചുവരവിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചു. ഇന്ത്യടക്കം 194 രാജ്യങ്ങള്‍ ഇന്ന് മോണ്‍ട്രിയാല്‍ പ്രോട്ടോക്കോളില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഇനി ഒ ഡി എസ് ഉത്പാദിപ്പിക്കില്ലെന്നും ഘട്ടം ഘട്ടമായി ഇതിന്റെ ഉപയോഗം കുറക്കുമെന്നും ഒ ഡി എസ് രാസപദാര്‍ഥങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തുമെന്നും ഇത് വരെ ഉത്പാദിപ്പിച്ച് സംഭരിച്ചുവെച്ച സി എഫ് സി, എച്ച് സി എഫ് സി, ഹാലോണുകള്‍, കാര്‍ബണ്‍ ടെട്രാക്ലോറൈഡുകള്‍ തുടങ്ങിയ ഒ ഡി എസ്സുകള്‍ നശിപ്പിച്ചില്ലാതാക്കുമെന്നും മോണ്‍ട്രിയാല്‍ പ്രൊട്ടോക്കോള്‍ ഉറപ്പാക്കുന്നു. ഇതിനായി ഫ്രിഡ്ജ് നിര്‍മാതാക്കള്‍, എ സി കമ്പനികള്‍, വ്യവസായശാലകള്‍, കാര്‍ നിര്‍മാണ കമ്പനികള്‍, വിമാന കമ്പനികള്‍, ആശുപത്രികള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സഹകരണം ഉറപ്പാക്കേണ്ടതുണ്ട്.
ഈ വര്‍ഷം സെപ്തംബര്‍ 16ന് അന്തര്‍ദേശീയ ഓസോണ്‍ ദിനാചരണം നടക്കുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനക്ക് ഓസോണ്‍ കുട നിവര്‍ന്നുവരുന്നതായി പറയാന്‍ കഴിയുമെന്നതാണ് അവസ്ഥ. ലോകത്തെ 36 രാജ്യങ്ങളിലെ 282 ശാസ്ത്രജ്ഞര്‍ ഓസോണ്‍ പാളിയെ പറ്റി പഠിച്ച റിപ്പോര്‍ട്ട് 2015ല്‍ പുറത്ത് വരും. ഓസോണ്‍ പാളിയുടെ ശോഷണം കുറഞ്ഞതായി അവര്‍ കണ്ടെത്തിക്കഴിഞ്ഞു. ഒരുപക്ഷേ, ഐക്യരാഷ്ട്ര സംഘടനയുടെ ബൃഹത്തായ സംഘടനാശേഷി വിജയത്തിലെത്തുന്നതിന്റെ ആഘോഷമായിരിക്കും ഈ വര്‍ഷത്തെ അന്തര്‍ദേശീയ ഓസോണ്‍ ദിനാചരണം. ഓസോണ്‍ പാളി സംരക്ഷണ ദൗത്യം തുടരുന്നു എന്ന മുദ്രാവാക്യമാണ് യു എന്‍ ഈ വര്‍ഷത്തെ ആചരണങ്ങള്‍ക്കായി മുന്നോട്ട് വെക്കുന്നത്.