വിനോദ് റായ് വെറുതെ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നില്ല

Posted on: September 16, 2014 6:00 am | Last updated: September 16, 2014 at 12:03 am
SHARE

vinod raiകംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനത്തു നിന്ന് വിരമിച്ച വിനോദ് റായിയുടെ പുറത്തിറങ്ങാന്‍ പോകുന്ന സര്‍വീസ് കഥയില്‍ ഉണ്ടാകാന്‍ ഇടയുള്ള പരാമര്‍ശങ്ങളും അദ്ദേഹം അടുത്തിടെ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും സ്‌പെക്ട്രം വിതരണം, കല്‍ക്കരിപ്പാടങ്ങള്‍ പാട്ടത്തിന് നല്‍കല്‍, കൃഷ്ണ – ഗോദാവരി ബേസിനിലെ പ്രകൃതി വാതക ഖനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ വീണ്ടും സജീവമാക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുകയും സംഘടനയെ ശക്തിപ്പെടുത്തി, രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലെ ശക്തമായ സാന്നിധ്യമായി തുടരാന്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഉഴലുകയും ചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പ്. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരോപണങ്ങളുടെ തിരിച്ചുവരവ് എന്നത് ശ്രദ്ധേയമാണ്. ടെലികോം, കല്‍ക്കരി അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണവിധേയര്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ പല കുറി വസതിയില്‍ സന്ദര്‍ശിച്ചുവെന്നുമുള്ള ആക്ഷേപം സുപ്രീം കോടതിയുടെ മുന്നില്‍ ഇരിക്കെക്കൂടിയാണ് റായിയുടെ പരാമര്‍ശങ്ങള്‍ വലിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നതും.
ടെലിവിഷന്‍ അഭിമുഖത്തില്‍ വിനോദ് റായ് പറഞ്ഞ കാര്യങ്ങളില്‍ ഒട്ടുമിക്കതും നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളവയാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെകട്രം അനുവദിക്കാന്‍ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ടെലികോം മന്ത്രിയായിരുന്ന എ രാജ തീരുമാനിച്ചതും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗുമായി അദ്ദേഹം നടത്തിയ കത്തിടപാടുകളും ഏറെക്കാലം മുമ്പ് പുറത്തുവന്നതാണ്. കത്തുകളുടെ പകര്‍പ്പ് ദി ഹിന്ദു ദിനപ്പത്രമാണ് ആദ്യം പുറത്തുവിട്ടത്. ഈ ആശയവിനിമയത്തിലൂടെ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് മനസ്സിലാക്കി തടയാന്‍ മന്‍മോഹന്‍ സിംഗിന് സാധിക്കുമായിരുന്നുവെന്നും അത് അദ്ദേഹം ചെയ്തില്ലെന്നും വിനോദ് റായ് പറയുന്നു. ഈ വാദം ടെലികോം അഴിമതി സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയര്‍ന്നകാലത്തു തന്നെ ഉന്നയിക്കപ്പെട്ടതാണ്. ഇടപാടു സംബന്ധിച്ച രേഖകളെല്ലാം സുപ്രീം കോടതി വിളിച്ചുവരുത്തി പരിശോധിക്കുകയും ചെയ്തിരുന്നു.
കല്‍ക്കരിപ്പാടങ്ങള്‍ പാട്ടത്തിന് നല്‍കിയതിലൂടെ ഖജനാവിനുണ്ടായ കോടികളുടെ നഷ്ടത്തിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മന്‍മോഹന്‍ സിംഗിന് സാധിക്കില്ലെന്ന് വിനോദ് റായ് പറയുന്നു. പ്രധാനമന്ത്രിയായിരിക്കെ കുറച്ച് കാലം കല്‍ക്കരി വകുപ്പിന്റെ ചുമതല മന്‍മോഹനുണ്ടായിരുന്നു. അക്കാലത്ത് നടന്ന ഇടപാടുകള്‍ മാത്രമല്ല, മന്‍മോഹന്‍ നേതൃത്വം നല്‍കിയ മന്ത്രിസഭയുടെ കാലത്ത് ഇക്കാര്യത്തിലെടുത്ത തീരുമാനങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ടാകണം. അത് വിനോദ് റായ് പറയാതെ തന്നെ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ ഉത്തരവാദിത്വം ശരിയായി നിറവേറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന ആക്ഷേപം കല്‍ക്കരി ഇടപാട് സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്ന കാലത്തു തന്നെ ഉയര്‍ന്നതാണ്.
റിയലന്‍സ് കമ്പനിക്ക് അനര്‍ഹമായ ലാഭമുണ്ടാക്കും വിധത്തില്‍ കൃഷ്ണ – ഗോദാവരി ബേസിനില്‍ നിന്നുള്ള പ്രകൃതി വാതക ഖനനത്തിന് കരാറുണ്ടാക്കിയെന്നതാണ് വിനോദ് റായ് ഉന്നയിക്കുന്ന മറ്റൊരു ആക്ഷേപം. ഇതിലും പുതുമയൊന്നുമില്ല. കൃഷ്ണ- ഗോദാവരി ബേസിനിലെ പ്രകൃതിവാതക ഖനനത്തിന് ആദ്യഘട്ടത്തില്‍ 240 കോടി ഡോളര്‍ ചെലവാകുമെന്ന് അറിയിച്ച റിലയന്‍സ് രണ്ടാം ഘട്ടത്തില്‍ ചെലവ് 850 കോടിയാകുമെന്ന് പറഞ്ഞു. ആദ്യ ഘട്ടത്തിലെ ഉത്പാദനം രണ്ടാം ഘട്ടത്തിലാകുമ്പോള്‍ ഇരട്ടിയാകുമെന്നാണ് റിലയന്‍സ് സര്‍ക്കാറിനെ അറിയിച്ചത്. ഉത്പാദനം ഇരട്ടിയാകുമ്പോള്‍ ചെലവ് നാലിരട്ടിയാകുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ലോക്‌സഭാംഗമായിരുന്ന തപന്‍ സെന്‍ 2006ലും 2007ലും പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയോ സര്‍ക്കാറോ ഇടപെടാന്‍ തയ്യാറാകാതെ മാറി നിന്നു. അന്ന് മുഖ്യ പ്രതിപക്ഷമായിരുന്ന ബി ജെ പിക്കും ഈ പൊരുത്തക്കേട് പ്രശ്‌നമായില്ല. മുകേഷ് അംബാനിക്കുണ്ടാകുന്ന ലാഭം ഇല്ലാതാക്കേണ്ട കാര്യം അന്നത്തെ സര്‍ക്കാറിനും മുഖ്യ പ്രതിപക്ഷമായിരുന്ന ബി ജെ പിക്കുമുണ്ടായിരുന്നില്ല എന്ന് കരുതേണ്ടിവരും. യൂനിറ്റിന് 2.34 ഡോളറായിരുന്ന പ്രകൃതിവാതക വില, 4.2 ഡോളറാക്കി വര്‍ധിപ്പിക്കാന്‍ രണ്ടാം യു പി എ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും (ഈ തീരുമാനത്തിലേക്ക് എത്താന്‍ സഹായിച്ച, ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള, സുപ്രീം കോടതി ബഞ്ചിന്റെ ഭൂരിപക്ഷ വിധി മറക്കുന്നില്ല) ബി ജെ പിക്ക് എതിര്‍പ്പുണ്ടായില്ല. ഇനിയും വില കൂട്ടണമെന്ന റിലയന്‍സിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുകയാണ്. വില കൂട്ടി നല്‍കാനാകില്ലെന്ന് അറിയിക്കാന്‍ തയ്യാറായിട്ടില്ല എന്നത് വളരെ പ്രധാനപ്പെട്ടതാണ്, മുകേഷ് അംബാനിയടക്കമുള്ള വ്യവസായികളുമായി ബി ജെ പിക്ക്, വിശിഷ്യാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ബന്ധം പരിഗണിക്കുമ്പോള്‍.
സ്‌പെക്ട്രം ലേലം ചെയ്യാതെ നല്‍കിയതിലൂടെ കുറഞ്ഞ ചെലവില്‍ ഫോണ്‍ സൗകര്യം ജനങ്ങള്‍ക്ക് ലഭ്യമാക്കിയെന്ന ന്യായം യു പി എ സര്‍ക്കാറിന് പറയാനാകും. പാടങ്ങള്‍ ലേലം ചെയ്യാതെ നല്‍കിയതിലൂടെ കുറഞ്ഞ നിരക്കില്‍ കല്‍ക്കരി ലഭ്യമാക്കാനാണ് നടപടി സ്വീകരിച്ചതെന്നും ഊര്‍ജ വില പിടിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും വേണമെങ്കില്‍ വാദിക്കാം. കുറഞ്ഞ നിരക്കില്‍ ഊര്‍ജം ലഭിക്കുക എന്നത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, നിക്ഷേപകര്‍ക്ക് കൂടി ഗുണകരമാണ്. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും പ്രകൃതി വാതക വില കൂട്ടി നല്‍കിയതിന് പറയാനില്ല. പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് മാത്രമല്ല അധികച്ചെലവുണ്ടാകുന്നത്. ഈ ഇന്ധനം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും വില കൂടുമെന്നതിനാല്‍ ബാധ്യത സാധാരണക്കാരുടെ ചുമലിലേക്ക് എത്തും. അതുകൊണ്ടാണ് പ്രകൃതി വാതകത്തിന്റെ വില നിശ്ചയിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി, എണ്ണ മന്ത്രിമാരായിരുന്ന വീരപ്പ മൊയ്‌ലി, മുരളി ദേവ്‌റ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്‌രിവാള്‍ തീരുമാനിച്ചത്. വിനോദ് റായിയുടെ പുതിയ (പഴയ) വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ബി ജെ പി ഈ കേസിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നത് ദഹിക്കാന്‍ കാലമായിട്ടില്ല.
റിലയന്‍സിന് അനര്‍ഹമായ ലാഭമുണ്ടാക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ശ്രമിച്ചുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞുവെന്നും വിലപിക്കുന്ന വിനോദ് റായ്, ഈ റിപ്പോര്‍ട്ട് പരിഗണിച്ച പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ത് അഭിപ്രായമാണ് പറഞ്ഞത് എന്നതില്‍ മൗനം പാലിക്കുന്നു. പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം പ്രതിപക്ഷത്തിനാണ്. യു പി എ സര്‍ക്കാറിന്റെ കാലത്ത് ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയായിരുന്നു അധ്യക്ഷന്‍. റിലയന്‍സിന് നേട്ടമുണ്ടാക്കുകയും ഖജാനക്ക് നഷ്ടമുണ്ടാക്കുകയും സാധാരണക്കാരന് ഭാരമേറ്റുകയും ചെയ്ത കെ ജി ബേസിന്‍ കരാറിനെക്കുറിച്ച് അര്‍ഥഗര്‍ഭമായ മൗനം അദ്ദേഹം പുലര്‍ത്തിയത് എന്തുകൊണ്ടാകും? വിനോദ് റായിയുടെ പുസ്തകത്തില്‍ അതേക്കുറിച്ച് എന്തെങ്കിലുമുണ്ടാകുമോ എന്ന് അറിയില്ല. ടെലിവിഷന്‍ അഭിമുഖത്തില്‍ ഒന്നുമില്ല. ഒരുപക്ഷേ, ടെലിവിഷന്‍ അവതാരകന്‍ ചോദിക്കാത്തത് കൊണ്ടുമാകാം.
സ്‌പെക്ട്രം വിതരണവും കല്‍ക്കരിപ്പാടം അനുവദിക്കലും യു പി എക്കൊപ്പം എന്‍ ഡി എക്കും പങ്കാളിത്തമുള്ള സംഗതികളാണ്. ബി ജെ പിയുടെ എക്കാലത്തെയും മികച്ച ‘പിരിവുകാരന്‍’ പ്രമോദ് മഹാജന്‍ ടെലികോം മന്ത്രിയായിരിക്കെയാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നയത്തില്‍ സ്‌പെക്ട്രം വിതരണം തുടങ്ങിയത്. (പ്രവീണ്‍ മഹാജന്റെ കൊലക്കത്തി പാളിയില്ലായിരുന്നുവെങ്കില്‍ ഇന്ന് മോദിയുടെ സ്ഥാനത്ത് മഹാജനിരുന്നേനെ എന്ന് ബി ജെ പി നേതാക്കള്‍ പോലും സമ്മതിക്കും). 1993ല്‍ മന്‍മോഹന്‍ സിംഗ് ധനമന്ത്രിയായിരിക്കെ ഉണ്ടാക്കിയ മാനദണ്ഡങ്ങളനുസരിച്ചാണ് പിന്നീട് വന്ന സര്‍ക്കാറുകളൊക്കെ, എ ബി വാജ്പയിയുടെതടക്കം, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്. അത് മുഴുവന്‍ നിയമവിരുദ്ധമായിരുന്നുവെന്ന് ഇപ്പോള്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഇതില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് ഒഡീഷയില്‍ പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേടൊന്നുമില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ തീരുമാനിക്കുന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷവുമാണ്.
സ്‌പെക്ട്രവും കല്‍ക്കരിയും പ്രകൃതി വാതകവുമൊക്കെ കോര്‍പറേറ്റുകളും ഭരണ, പ്രതിപക്ഷ നേതാക്കളുമൊക്കെ അടങ്ങുന്ന മുറിയിലെ ഇടപാടുകളാണ്. ഖജനാവിന് നഷ്ടമുണ്ടാക്കാന്‍ അരങ്ങൊരുക്കിയവരും അരങ്ങുപയോഗിച്ച് കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്തവരുമാണ് ഈ മുറിയിലുള്ളത്. പരിശോധിക്കപ്പെടുന്ന കണക്കിന്റെ കാലയളവ് പരിഗണിക്കുമ്പോള്‍ അതില്‍ ചിലര്‍ കുറ്റക്കാരെന്ന് വരാം. അത് കണക്കെടുക്കുന്ന സി എ ജി സ്ഥാനത്തിരിക്കുമ്പോള്‍ മാത്രം. അവിടെ നിന്നിറങ്ങിയാല്‍ പിന്നെ കണക്കുകള്‍ക്കപ്പുറത്ത് വസ്തുതകളുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അങ്ങനെ ഉള്‍ക്കൊള്ളാനുള്ള ജ്ഞാനമില്ലാത്തയാളല്ല വിനോദ് റായി എന്ന, മികവിന്റെ പര്യായമെന്ന് ബി ജെ പിക്കാര്‍ വിശേഷിപ്പിക്കുന്ന ഈ ഉദ്യോഗസ്ഥന്‍. (ശിവദാസ മേനോന്‍ ധനമന്ത്രിയായിരിക്കെ, ട്രഷറി പൂട്ടല്‍ തുടര്‍ക്കഥയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായിരുന്നത് ഈ ദേഹമായിരുന്നുവെന്നാണ് ഓര്‍മ) അങ്ങനെ ഉള്‍ക്കൊള്ളാതെ ആക്ഷേപമുന്നയിക്കുകയാണെങ്കില്‍ അതിന് പിറകില്‍ രാഷ്ട്രീയം കാണാതെ വയ്യ. മന്‍മോഹന്‍ സിംഗ്, ഉദാര സഹായം ചെയ്ത റിലയന്‍സിന് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് സര്‍ക്കാറും കോടികളുടെ നേട്ടമുണ്ടാക്കിക്കൊടുത്തുവെന്ന സി എ ജി റിപ്പോര്‍ട്ടും വിനോദ് റായിയുടെ കാലത്തുണ്ടായതാണ്. മന്‍മോഹന്‍ സര്‍ക്കാര്‍ തേങ്ങയുടച്ചപ്പോള്‍ ചിരട്ടയുടക്കാന്‍ മോദി സര്‍ക്കാറുമുണ്ടായിരുന്നുവെന്ന്, അവതാരകന്റെ ചോദ്യമില്ലാതെ തന്നെ, ഓര്‍ക്കാന്‍ വിനോദ് റായിക്ക് സാധിക്കാതിരിക്കുമ്പോള്‍ പ്രത്യേകിച്ചും.
സാധാരണക്കാരന്റെ ജീവിതത്തിന് ആശ്വാസങ്ങളൊന്നും നല്‍കാനാകാത്ത മോദി സര്‍ക്കാറിന്റെ ആദ്യ മാസങ്ങള്‍ക്ക് ശേഷമെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഴയ ആരോപണങ്ങളുടെ മൂര്‍ച്ചയും ആക്കം കൂട്ടുന്ന വര്‍ഗീയതയുമല്ലാതെ മറ്റൊന്നുമില്ല സംഘ് പരിവാരത്തിന് ആയുധമായി. അവിടെയൊരു ആശ്വാസമാകും വിനോദ് റായിയെപ്പോലുള്ളവരുടെ പഴകിയ വെളിപ്പെടുത്തലുകള്‍. രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുക എന്നതിനപ്പുറത്ത് സി എ ജി റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ കാണും നമ്മുടെ ഭരണാധികാരികള്‍ എന്ന തെറ്റിദ്ധാരണ വിനോദ് റായിക്ക് ഉണ്ടാകാനിടയില്ല. അഥവാ തെറ്റിദ്ധാരണയുണ്ടെങ്കില്‍, 25,000 കോടി രൂപയുടെ ക്രമക്കേട് വിവരിക്കുന്ന സി എ ജി റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്റെ അവസാനദിനം അവസാന മണിക്കൂറില്‍ നിയമസഭയില്‍ വെച്ച ഗുജറാത്തിലേക്ക് നോക്കാം.