Connect with us

International

അമേരിക്കയുടെത് വിശുദ്ധ കരങ്ങളല്ല: ഇറാന്‍ നേതാവ് ഖാംനഈ

Published

|

Last Updated

തെഹ്‌റാന്‍: ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ പങ്ക് ചേരാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന ഇറാന്‍ നിരസിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസില്‍വിരുദ്ധയുദ്ധത്തില്‍ പങ്കാളികളാകാന്‍ അമേരിക്ക തുടക്കം മുതല്‍ തന്നെ ഇറാനോട് ആവശ്യപ്പെടുന്നുണ്ട്. ഇറാഖിലെ അമേരിക്കന്‍ സ്ഥാനപതി മുഖേനയായിരുന്നു അഭ്യര്‍ഥന.
എന്നാല്‍ ഇത് ഇറാന്‍ നിരസിക്കുകയായിരുന്നു. “അമേരിക്കയുടെത് വിശുദ്ധ കരങ്ങളല്ല. ഒരു വിധത്തിലുള്ള വ്യക്തതയും കൂടാതെയാണ് അമേരിക്ക യുദ്ധ ഭൂമികളില്‍ ബോംബ് വര്‍ഷിക്കുന്നത്. പാക്കിസ്ഥാനില്‍ ചെയ്തതും ഇതു തന്നെയാണ്. ഇറാഖിലും സിറിയയിലും അമേരിക്ക ഈ നടപടി തുടരുമെ”ന്നും ഖാംനഈ പറഞ്ഞു.
അതേസമയം, ഇറാനുമായി സഹകരിക്കുന്ന കാര്യം നിഷേധിച്ച് കഴിഞ്ഞ ആഴ്ച യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി രംഗത്തെത്തിയിരുന്നു. ഇറാന് സിറിയയിലുള്ള പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇസില്‍ ഭീഷണി നേരിടുന്നതിനായി പാരീസില്‍ ആരംഭിച്ച അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ഇറാനും സിറിയക്കും ക്ഷണമുണ്ടായിരുന്നുമില്ല.
സിറിയക്ക് പ്രധാന സഹായമായി നിലനില്‍ക്കുന്ന മേഖലയിലെ ഏക രാജ്യമാണ് ഇറാന്‍. മൂന്നര വര്‍ഷമായി അസദിനെതിരെ തുടരുന്ന പ്രക്ഷോഭങ്ങള്‍ അതിജയിക്കാന്‍ സാധിച്ചതും ഇറാന്റെ പിന്തുണയോടെയാണെന്ന് കരുതപ്പെടുന്നു. സിറിയയുടെ സമ്മതമില്ലാതെ തന്നെ ഇവിടെയുള്ള ഇസില്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ തങ്ങള്‍ ബോംബിടുമെന്ന ബരാക് ഒബാമയുടെ പ്രസ്താവനയെയും ഇറാന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.

Latest