തീവ്രവാദ പ്രവര്‍ത്തനം: ബ്രദര്‍ഹുഡിന് ബ്രിട്ടനിലും കടുത്ത നിയന്ത്രണം വരുന്നു

Posted on: September 16, 2014 5:53 am | Last updated: September 15, 2014 at 11:54 pm
SHARE

ban-the-muslim-brotherhoodലണ്ടന്‍: തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ബ്രദര്‍ഹുഡിനും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നു. ബ്രദര്‍ഹുഡിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സഊദി അറേബ്യയിലെ സ്ഥാനപതി ജോണ്‍ ജെന്‍കിന്‍സിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ റിപ്പോര്‍ട്ട് ലണ്ടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലണ്ടനില്‍ ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ലണ്ടനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ബ്രദര്‍ഹുഡ് ബന്ധമുള്ള ചില മുതിര്‍ന്ന നേതാക്കളെ ഖത്തര്‍ പുറത്താക്കുകയും ചെയ്തിരുന്നു. ലണ്ടനിലെയും തുര്‍ക്കിയിലെയും ഖത്തറിലെയും ബ്രദര്‍ഹുഡ് പ്രവര്‍ത്തനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഈ രാജ്യങ്ങളില്‍ സഊദി സമ്മര്‍ദം ചെലുത്തുന്നുണ്ട്. മധ്യേഷ്യന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രദര്‍ഹുഡ് സായുധ സംഘം സഹായം നല്‍കുന്നുവെന്ന് നേരത്തെ വിമര്‍ശമുയര്‍ന്നിരുന്നു. അതേസമയം ബ്രദര്‍ഹുഡിനെ നിരോധിക്കുന്ന കാര്യം ബ്രിട്ടന്‍ നിഷേധിച്ചു. നിരവധി രാജ്യങ്ങളില്‍ ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനം സംശയത്തിന്റെ നിഴലിലാണെന്നും ബ്രിട്ടന്‍ കൂട്ടിച്ചേര്‍ത്തു. ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സിക്ക്, ജനകീയ വിപ്ലവത്തിനൊടുവില്‍ അധികാരത്തില്‍ നിന്ന് ഇറങ്ങേണ്ടി വന്നിരുന്നു. ഈജിപ്തില്‍ നിരോധിത സംഘടനയാണ് ബ്രദര്‍ഹുഡ്.