Connect with us

International

ഇറാഖിന് ആഗോള പിന്തുണ

Published

|

Last Updated

പാരീസ്: ഇസില്‍ തീവ്രവാദികളെ തുരത്താന്‍ സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തി ഇറാഖ് സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ തീരുമാനമായി. പാരീസില്‍ നടന്ന സമ്മേളനത്തില്‍ 30 രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. സമ്മേളനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, യു എന്‍ സുരക്ഷാ കൗണ്‍സലില്‍ അംഗങ്ങളായ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ഇറാഖ്, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തിരുന്നു. ആവശ്യമെങ്കില്‍ ഇറാഖിന് അനുയോജ്യമായ സൈനിക സഹായം നല്‍കാനും ധാരണയായിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മധ്യപൗരസ്ത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വ്യാപകമായി നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സമ്മേളനം നടന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത കെറി, ഇസില്‍ തീവ്രവാദികളെ നേരിടുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തയ്യാറാക്കിയ പദ്ധതിക്ക് പിന്തുണ അഭ്യര്‍ഥിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് അമേരിക്കക്കാരുടെയും ഒരു ബ്രിട്ടീഷുകാരന്റെയും തലയറുക്കുന്ന വീഡിയോ ഇസില്‍ പുറത്തുവിട്ടിരുന്നു. ഈ നടപടിയാണ് ഇവര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്താന്‍ പാശ്ചാത്യ ശക്തികളെ പ്രേരിപ്പിക്കുന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡേ, ഇസില്‍ തീവ്രവാദികളെ നേരിടാന്‍ ലോക സമൂഹത്തിന്റെ സഹകരണം ആവശ്യമാണെന്ന് വ്യക്തമാക്കി. ഇസില്‍ ഭീകരത ലോകവ്യാപകമാണ്. അതുകൊണ്ടു തന്നെ ഇതിനെതിരെയുള്ള പോരാട്ടവും ലോകവ്യാപകമാകണം. നഷ്ടപ്പെടുത്താന്‍ ഇനി തീരെ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസില്‍ തീവ്രവാദത്തെ തുടച്ചുനീക്കാന്‍ അന്താരാഷ്ട്ര സമൂഹം പിന്തുണ നല്‍കണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ഇറാഖ് പ്രസിഡന്റ് ഫുആദ് മൗസം ആവശ്യപ്പെട്ടു. ഇറാഖിന് ഇപ്പോള്‍ നല്‍കേണ്ട പിന്തുണ വൈകിപ്പോയാല്‍ ഇസില്‍ തീവ്രവാദികള്‍ കുറേ സ്ഥലങ്ങള്‍ കൂടി കൈയടക്കും. അതോടെ ഇപ്പോള്‍ നേരിടുന്നതിനേക്കാള്‍ ഭീഷണിയായി അവര്‍ മാറുമെന്ന കാര്യം വ്യക്തമാണ്. ലോക സമൂഹം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി അറബ് രാജ്യങ്ങള്‍ ഇസിലിനെതിരെയുള്ള ആക്രമണത്തില്‍ പങ്കാളികളാകുമെന്ന് ഉറപ്പ് നല്‍കിയതായി അമേരിക്ക അറിയിച്ചു. അതേസമയം യുദ്ധത്തില്‍ പങ്കാളികളാകുകയോ ഈ ആവശ്യത്തിന് തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ വിട്ടുനല്‍കുകയോ ചെയ്യില്ലെന്ന് തുര്‍ക്കി നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മാനുഷിക സഹായങ്ങളില്‍ ഇവര്‍ പങ്കാളികളാകും.
ഇറാഖിലും സിറിയയിലും ഇതിനകം നിരവധി ആക്രമണങ്ങള്‍ നടത്തിയ ഇസില്‍ തീവ്രവാദികള്‍ക്ക് 30,000ത്തിലധികം സായുധ അംഗങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്.