നിതാഖാത്ത് കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്‌

Posted on: September 16, 2014 12:50 am | Last updated: September 15, 2014 at 11:51 pm
SHARE

NITAQATമസ്‌കത്ത്: ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സ്വദേശിവത്കരണവും നിതാഖാത്തും പ്രവാസി മലയാളികളെയോ കേരളത്തിന്റെ സമ്പദ്ഘടനയെയോ ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
സാമ്പത്തിക മേഖലയില്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രവാസികളെ ആശ്രയിക്കുന്ന കേരളത്തെ നടപടികള്‍ ഒരു തരത്തിലും ബാധിച്ചില്ലെന്ന് സി ഡി എസ് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്) പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശ മലയാളികളുടെ എണ്ണം മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടി. സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കൈവരിച്ചു. പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് വര്‍ധിച്ചു തുടങ്ങിയവയാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അതേസമയം, നിതാഖാത്ത് വഴി തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതി വിജയകരമായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പുനരധിവാസ പദ്ധതികളെല്ലാം പൂര്‍ണമായും അശാസ്ത്രീയമായിരുന്നു വെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഡോ. കെ സി സക്കറിയ വിലയിരുത്തുന്നു.
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സി ഡി എസ് പഠനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കിയ സ്വദേശിവത്കരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ ആശങ്കയോടെയാണ് കണ്ടിരുന്നത്.
സഊദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് സ്വദേശിവത്കരണം ശക്തമാക്കിയത്. എന്നാല്‍, ജോലി നഷ്ട്ടപ്പെട്ട് തിരിച്ചെത്തിയവര്‍ നിരവധിയാണ്. ചെറുകിട ജോലിക്കാരാണ് കൂടുതല്‍.
ഗള്‍ഫ് നാടുകളിലേക്ക് ജോലി തേടിപ്പോകുന്ന 30 വയസ്സില്‍ താഴെയുള്ളവരില്‍ വലിയ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുവാക്കളും അഭ്യസ്ഥവിദ്യരുമായ മലയാളികള്‍ നാട്ടില്‍ തന്നെ ജോലിക്ക് ശ്രമിക്കുന്നതും സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. പഴയ രീതിയില്‍ വിദ്യാഭ്യാസമില്ലാത്തതിന്റെ പേരില്‍ ഗള്‍ഫിലെ ചെറുകിട ജോലിക്ക് വരുന്നവര്‍ കുറഞ്ഞു. കടകളിലും പെട്രോള്‍ പമ്പുകളിലും കൃഷിയിലും മറ്റുമാണ് ഇത്തരക്കാര്‍ ജോലി ചെയ്തിരുന്നത്.