Connect with us

Ongoing News

സംസ്ഥാനത്തിന് ലഭിച്ചത് ശരാശരിയില്‍ അധികം മഴ

Published

|

Last Updated

തിരുവനന്തപുരം: ജൂണ്‍ അഞ്ച് മുതല്‍ സംസ്ഥാനത്ത് പെയ്തുതുടങ്ങിയ കാലവര്‍ഷത്തില്‍ ഇതുവരെ ശരാശരിയില്‍ അധികം മഴ ലഭിച്ചു. ഈ മാസം 10 വരെയുള്ള കണക്ക് പ്രകാരം ഒമ്പത് ശതമാനം അധികമഴയാണ് ലഭിച്ചത്. മഴ തുടര്‍ന്നും പെയ്യുമെന്നും നവംബറിലും മഴ ലഭിക്കാനിടയുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയല്ലെങ്കിലും ഈ മാസം 18 വരെ കേരളത്തില്‍ മഴ പെയ്യും. ഞായറാഴ്ച ഇടുക്കിയിലും വാഴത്തോപ്പിലുമാണ് കൂടുതല്‍ മഴ പെയ്തത്. നാല് സെന്റീമീറ്റര്‍. ചെങ്ങന്നൂര്‍, കായംകുളം, കുരുടിമണ്ണൂര്‍ എന്നിവിടങ്ങളിലും മൂന്ന് സെന്റീമീറ്റര്‍ വീതം മഴ പെയ്തു. ലക്ഷ ദ്വീപിലും നല്ല മഴ ലഭിച്ചു.
ഈ മാസം 10 വരെയുള്ള കണക്ക് പ്രകാരം 2041.3 ശതമാനം മഴയാണ് ലഭിച്ചത്. ശരാശരി 1870.9 ശതമാനമാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ 22 ശതമാനം അധികമഴയാണ് ലഭിച്ചിരുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം കൂടുതല്‍ മഴ ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇത്തവണ എല്‍നിനോ പ്രഭാവം മഴയളവ് കുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മഴയെ കാര്യമായി ബാധിച്ചില്ല.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് ജൂണ്‍ ഒന്നിന് പകരം അഞ്ചിനാണ് മഴയെത്തിയത്. പിന്നീട് മന്ദഗതിയിലായിരുന്ന മഴ ആഗസ്റ്റ് മധ്യത്തോടെ കനത്തുപെയ്തു. ഇതുവരെ എറണാകുളത്തും ഇടുക്കിയിലുമാണ് കൂടുതല്‍ മഴ ലഭിച്ചത്. ശരാശരിയേക്കാള്‍ 21 ശതമാനം അധികം ലഭിച്ചു. കോട്ടയത്ത് 15, മലപ്പുറത്ത് 14, പത്തനംത്തിട്ടയില്‍ 16, തിരുവനന്തപുരത്ത് 12, കൊല്ലത്ത് 10, കണ്ണൂര് 10 ശതമാനം അധികമഴ ലഭിച്ചു.അതേ സമയം ആലപ്പുഴയില്‍ നാലും കാസര്‍കോട് ഒമ്പതും തൃശൂര്‍ എട്ടും ശതമാനത്തിന്റെ കുറവാണുള്ളത്. മറ്റിടങ്ങളില്‍ ശരാശരിക്കടുത്ത് മഴ ലഭിച്ചു.

Latest