മനോജ് വധം: സി ബി ഐ അന്വേഷണത്തെ എതിര്‍ക്കേണ്ടെന്ന് സി പി എം

Posted on: September 16, 2014 12:48 am | Last updated: September 15, 2014 at 11:49 pm
SHARE

ന്യൂഡല്‍ഹി: കതിരൂരില്‍ ആര്‍ എസ് എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണത്തെ എതിര്‍ക്കേണ്ടെന്ന് സി പി എം തീരുമാനിച്ചു. അന്വേഷണത്തെ എതിര്‍ത്താല്‍ സിപി എമ്മിന് പങ്കുണ്ടെന്ന തെറ്റിദ്ധാരണയുണ്ടാകും. കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അതിനാല്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും സി പി എം കേന്ദ്ര നേതൃത്വം അറിയിച്ചു.
മനോജ് വധക്കേസ് സി ബി ഐക്ക് വിടുന്നതിനെതിരെ സംസ്ഥാന നേതൃത്വം ശക്തമായ നിലപാടെടുത്തിരുന്നു. കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് സി പി എം നേതാക്കളെ കേസില്‍ കുടുക്കാനാണ് ശ്രമമെന്നും ഇതിനെ ചെറുക്കുമെന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. കേസ് സി ബി ഐക്ക് വിടുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. ഇതല്ലാതെ സര്‍ക്കാര്‍ എന്ത് ചെയ്യാനാണെന്നാണ് വി എസ് ചോദിച്ചത്.
അതിനിടെ കേസിലെ മുഴുവന്‍ പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഏഴ് പ്രതികളാണ് കേസിലുള്ളത്. കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതി വിക്രമനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് ആറുപ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
കൊലപാതകം സംബന്ധിച്ച യഥാര്‍ഥ ചിത്രവും വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പ്രതികള്‍ക്കു വേണ്ടി വ്യാപകമായ റെയ്ഡ് നടന്നുവരികയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതികള്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇതിനിടെ, സി പി എം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കുകൂടി ചോദ്യം ചെയ്യലിനു വിധേയരാകുന്നതിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ എട്ടോളം പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇവരില്‍ മിക്കവരെയും ചോദ്യം ചെയ്തുകഴിഞ്ഞു. ഇവര്‍ക്കു പുറമെയാണ് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.