കുവൈത്തിലെ നഴ്‌സുമാരുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കും: എംബസി

Posted on: September 16, 2014 12:47 am | Last updated: September 15, 2014 at 11:48 pm
SHARE

കോട്ടയം: കുവൈത്തില്‍ സ്വകാര്യ കമ്പനി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മലയാളി നഴ്‌സുമാരുടെ പ്രശ്‌നം രണ്ടാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉറപ്പുനല്‍കി. സംസ്ഥാന നോര്‍ക്കാ വകുപ്പു മന്ത്രി കെ സി ജോസഫും ജോസ് കെ മാണി എം പിയും വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസിനെ അറിയിച്ചതാണിത്.
ഇവരെ മോചിപ്പിച്ചു സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ലിസി ജോസ് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. അതേതുടര്‍ന്ന് ഇരുവരും എംബസി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെട്ടു. രണ്ടാഴ്ചയ്ക്കകം നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് എംബസി അധികൃതര്‍ ഉറപ്പ് നല്‍കിയത്.
കുവൈത്ത് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ ഒരു കമ്പനി റിക്രൂട്ട് ചെയ്ത 350 നഴ്‌സുമാരാണ് അവിടെ കമ്പനിയുടെ ഗസ്റ്റ് ഹൗസില്‍ ഒരുമാസമായി തടങ്കലില്‍ കഴിയുന്നത്. കോട്ടയം ജില്ലയില്‍ നിന്നും സമീപത്തും നിന്നും ഉള്ളവരാണിവര്‍. റിലീസിംഗ് സര്‍ട്ടിഫിക്കറ്റു നല്‍കി മോചിപ്പിക്കാന്‍ മൂന്ന് ലക്ഷം രൂപ വീതം വീണ്ടും ആവശ്യപ്പെടുകയാണ് കമ്പനി. ശമ്പളത്തിന്റെ 30 ശതമനമേ ഇവര്‍ക്കു കിട്ടിയിരുന്നുള്ളൂ.
എഴുപതു ശതമാനമെങ്കിലും നല്‍കണമെന്നാണ് കുവൈത്തിലെ നിയമം. ഈ ആവശ്യം ഉന്നയിച്ചു നഴ്‌സുമാര്‍ നേരത്തെ സമരം ചെയ്തിരുന്നതായി കമ്പനി പറയുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ നിയമലംഘനം സര്‍ക്കാര്‍ അറിയുകയും കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ആയിരുന്നു എന്നാണ് അറിയുന്നത്. അവധിക്കു നാട്ടില്‍ വന്നിരുന്ന നഴ്‌സുമാരെ ഇതിന്റെ പ്രതികാരമായി വിളിച്ചുവരുത്തി തടങ്കലില്‍ ആക്കുകയായിരുന്നത്രേ.