Connect with us

Eranakulam

സെസിലെ സ്ഥാപനം കടത്തിയത് 12 കോടിയുടെ സ്വര്‍ണം

Published

|

Last Updated

കൊച്ചി: കാക്കനാട്ടെ കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (സെസ്) യില്‍ പ്രവര്‍ത്തിക്കുന്ന അശ്വിന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് നികുതി വെട്ടിച്ച് ജ്വല്ലറികളിലേക്ക് കടത്തിയത് 12.12 കോടി രൂപ വില മതിക്കുന്ന 48.5 കിലോ സ്വര്‍ണം. കസ്റ്റംസ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ 22 കിലോ സ്വര്‍ണം കടത്തിയതായാണ് പ്രാഥമികമായി കണ്ടെത്തിയിരുന്നത്. കഴിഞ്ഞ നാല് വര്‍ഷം അശ്വിന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ സ്വര്‍ണത്തിന്റെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് കള്ളക്കടത്തിന്റെ വ്യാപ്തി അതിന്റെ ഇരട്ടിയിലധികമാണെന്ന് ബോധ്യമായത്. ഇറക്കുമതി നികുതിയിനത്തില്‍ 1.45 കോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ ആഗസ്റ്റ് എട്ടിന് അശ്വിന്‍ ഗോള്‍ഡ് ഇറക്കുമതി ചെയ്ത 10.5 കിലോഗ്രാം സ്വര്‍ണം തിരിച്ചു കയറ്റുമതി ചെയ്യാതെ സെസിനു പുറത്തേക്കു കടത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കസ്റ്റംസ് ഇവിടെ പരിശോധന നടത്തിയത്. തുടര്‍ന്ന് തൃശൂരിലെ രണ്ട് ജ്വല്ലറികളില്‍ നിന്നും അങ്കമാലിയിലെ ജ്വല്ലറിയില്‍ നിന്നുമായി 21.95 കിലോഗ്രാം ആഭരണം പിടിച്ചെടുക്കുകയായിരുന്നു. തൃശൂര്‍ സതേണ്‍ ജ്വല്ലറി, അങ്കമാലി കല്ലറയ്ക്കല്‍ ജ്വല്ലറി, തൃശൂരിലെ സ്മിജോ ഗോള്‍ഡ് വര്‍ക്‌സ് തുടങ്ങിയ ചെറുതും വലുതുമായ സ്വര്‍ണാഭരണ നിര്‍മാതാക്കള്‍ക്കാണ് അശ്വിന്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണം കടത്തിയിരുന്നത്.
14 വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലെത്തിയ 30 വയസുകാരനായ സഞ്ജയ് സുബ്രോ നിഗമാണ് അശ്വിന്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍. ഇയാള്‍ നേരിട്ടാണ് കാറില്‍ സ്വര്‍ണം കടത്തിയിരുന്നത്. മുളന്തുരുത്തി 444 എ സഞ്ജയ് നിവാസില്‍ താമസിക്കുന്ന സഞ്ജയ് നിഗമിനെയും സ്ഥാപനത്തിന്റെ കയറ്റുമതി, ഇറക്കുമതി കണ്‍സള്‍ട്ടന്റുമാരായ എളമക്കര സ്വദേശികളായ ജയകുമാര്‍, സജി, അങ്കമാലി കല്ലറയ്ക്കല്‍ ജ്വല്ലറി അക്കൗണ്ടന്റ് ജീസണ്‍ എന്നിവരെയും അന്ന് തന്നെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. സതേണ്‍ ജ്വല്ലറി ഉടമ കോളിന്‍സിനെ ഒരാഴ്ചക്ക് ശേഷം കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും അന്ന് തന്നെ കോടതി ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. മറ്റ് പ്രതികള്‍ക്കെല്ലാം പിന്നീട് കോടതി ജാമ്യം അനുവദിച്ചു. കേസിലുള്‍പ്പെട്ട കല്ലറക്കല്‍ ജ്വല്ലറി ഉടമ ആന്റോ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Latest