ടാങ്കര്‍ ലോറികളുടെ മത്സരയോട്ടം; അപകടങ്ങള്‍ പതിവാകുന്നു

Posted on: September 16, 2014 12:44 am | Last updated: September 15, 2014 at 11:44 pm
SHARE

ചെര്‍ക്കള: നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ ലോറി റോഡരികിലെ മണ്‍ഭിത്തിയില്‍ ഇടിച്ചു നിന്നു. വന്‍ അപകടമൊഴിവായത് തലനാരിഴക്ക്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ബേവിഞ്ച സ്റ്റാര്‍ നഗറിലാണ് അപകടം. മംഗലാപുരത്ത് നിന്നും തമിഴ്‌നാട് ഈറോഡിലേക്ക് പോവുകയായിരുന്ന ടി എന്‍ 28 എ ക്യൂ 1119 നമ്പര്‍ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന്റെ ഇടത് വശത്തെ മണ്‍ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ലോറി വലതു വശത്തേക്കാണ് നീങ്ങിയിരുന്നതെങ്കില്‍ നൂറടിയിലേറെ താഴ്ചയുള്ള വലിയ കൊക്കയിലേക്ക് വീണ് വന്‍ ദുരന്തത്തിന് നാട് സാക്ഷ്യം വഹിക്കുമായിരുന്നു.
അപകട വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി വാതക ചോര്‍ച്ചയില്ലെന്ന് കണ്ടെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി.
ദേശീയപാതയില്‍ ടാങ്കര്‍ ലോറികളുടെ മത്സരിച്ചുള്ള ഓട്ടവും പതിവായതോടെ അപകടങ്ങളും തുടര്‍ക്കഥയാവുകയാണ്. ടാങ്കര്‍ ലോറികള്‍ക്ക് സമയ ക്രമീകരണവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പുലര്‍ച്ചെയാണ് മത്സരിച്ചുള്ള ഓട്ടം പതിവായിരിക്കുന്നത്.
മറ്റു വാഹനങ്ങള്‍ കുറഞ്ഞ സമയത്താണ് ടാങ്കര്‍ലോറികള്‍ തമ്മിലുള്ള മത്സരയോട്ടം. വലിയ വളവുകളുള്ള ബേവിഞ്ച ഭാഗത്ത് ലോറികള്‍ മത്സരിച്ചോടുന്നത് ഏറെ ഭീതിയാണ് സൃഷ്ടിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here