നാണ്യപ്പെരുപ്പം അഞ്ചു വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തി

Posted on: September 15, 2014 10:11 pm | Last updated: September 16, 2014 at 12:12 am
SHARE

moneyന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത ഉത്പന്ന വിലസൂചിക അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ജൂലൈയിലെ 5.19 ശതമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 3.74 ശതമാനമായാണ് കുറഞ്ഞത്. പണപ്പെരുപ്പത്തിന്റെ നിരക്ക് മൊത്തവിപണിയിലെ വിലസൂചികയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുക.
ഭക്ഷ്യ പണപെരുപ്പം ജൂലൈയിലെ 8.43 ശതമാനത്തില്‍ നിന്ന് 5.15 ശതമാനമായി കുറഞ്ഞു. എണ്ണ, ഊര്‍ജ പണപ്പെരുപ്പ നിരക്കുകള്‍ 7.40 ശതമാനത്തില്‍ നിന്ന് 4.54 ശതമാനമായാണ് കുറഞ്ഞത്.
ഉള്ളിയുടെ വിലയില്‍ 44.70 ശതമാനം കുറവുണ്ടായതും മണ്‍സൂണ്‍ മോശമല്ലാതെ ലഭിച്ചതുമാണ് ഭക്ഷ്യ പണപ്പെരുപ്പം കുറയാനിടയാക്കിയത്. എണ്ണവിലയില്‍ കുറവുണ്ടായതും വിവിധ വിഭാഗങ്ങളിലെ വിലകള്‍ കുറയുന്നതിന് സഹായിച്ചു. എന്നാല്‍ ഉരുളക്കിഴങ്ങിന്റെ വിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജൂലൈയില്‍ 46.41 രൂപ ആയിരുന്നത് ആഗസ്റ്റില്‍ 61.61 രൂപ ആയി വര്‍ധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം, ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും നേരിയ തോതില്‍ കുറഞ്ഞിരുന്നു. 7.96ല്‍ നിന്ന് 7.8 ശതമാനമായാണ് കുറഞ്ഞത്.