ഒമാനി ഉത്പന്നങ്ങളുടെ പ്രദര്‍ശനം തുടങ്ങി

Posted on: September 15, 2014 8:13 pm | Last updated: September 15, 2014 at 10:13 pm
SHARE

ദുബൈ: മൂന്നാമത് ഒമാനി ഉത്പന്നമേള (ഒപെക്‌സ് 2014) ദുബൈയില്‍ ആരംഭിച്ചു. ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ആണ് മൂന്നു ദിവസം നീളുന്ന ഉത്പന്ന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി, യു എ ഇയിലെ ഒമാന്‍ സ്ഥാനപതി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ കത്ബി അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഏറ്റവും പുതിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍ ഒമാനില്‍ നിന്നുള്ള ധാരാളം കമ്പനികള്‍ എത്തിയിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍, ലഘു പാനീയം, വസ്ത്ര മേഖല, ഇരുമ്പ് ഉരുക്ക്, മെഷിനറീസ്, ഫര്‍ണിച്ചര്‍, കടലാസ്, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, പെട്രോ കെമിക്കല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയിലെ നിരവധി സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
മധ്യ പൗരസ്ത്യ മേഖലയിലെ വാണിജ്യ വ്യവസായിക സംരംഭങ്ങളില്‍ ഒമാനി ഉത്പന്നങ്ങളുടെ പങ്കും സാന്നിധ്യവും വര്‍ധിപ്പിക്കാനുതകുന്നതാണ് പ്രദര്‍ശനമെന്ന് മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി പറഞ്ഞു.