Connect with us

Gulf

അജ്മാനില്‍ ബ്രിട്ടീഷ് സ്‌കൂള്‍ തുറന്നു

Published

|

Last Updated

അജ്മാന്‍: അജ്മാന്‍ സാമ്പത്തിക മന്ത്രാലയം ഡയറക്ടര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന പാരഡൈം പയനിയേഴ്‌സിന്റെ വിദ്യാലയം അജ്മാനില്‍ ആരംഭിച്ചതായി ചെയര്‍മാന്‍ ഡോ. മുഹമ്മദ് താരിഖും പ്രിന്‍സിപല്‍ പീറ്റര്‍ ലൊവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെയാണ് വിദ്യാലയം ആരംഭിച്ചത്. കിന്റെര്‍ഗാര്‍ഡണ്‍ മുതല്‍ ആറാം ക്ലാസ് വരെയുള്ള വിദ്യാലയം ഓരോ വര്‍ഷവും പടിപടിയായി ഉയര്‍ത്തും. സഫീര്‍ മാളിന് പിന്നിലായി ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നും എളുപ്പത്തില്‍ വരാവുന്ന സ്ഥലത്താണ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇന്ത്യയിലും കുവൈത്തിലും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് പാരഡൈം.
അത്യാധുനിക സൗകര്യങ്ങള്‍ കോര്‍ത്തിണക്കിയ ബ്രിട്ടീഷ് ഇന്റര്‍നാഷനല്‍ സ്‌കൂളാണ് അജ്മാനില്‍ ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ കഴിവുകള്‍ പരമാവധി വികസിപ്പിക്കാന്‍ മാതാപിതാക്കളുമായി നിരന്തരം സംവദിക്കുന്ന രീതിയിലാണ് പഠനക്രമം. കുട്ടികളില്‍ നല്ലശീലങ്ങള്‍ക്കൊപ്പം സാമൂഹിക ബോധവും വളര്‍ത്താനാണ് വിദ്യാലയം ലക്ഷ്യമിടുന്നത്. രാവിലെ എട്ടു മുതല്‍ അഞ്ചു വരെയാവും പ്രവര്‍ത്തന സമയം.
750 കുട്ടികളെയാണ് പ്രവേശിപ്പിക്കുക. നവംബര്‍ 15 വരെ കുട്ടികളെ പ്രവേശിപ്പിക്കുന്നത് തുടരുമെന്നും ഇരുവരും പറഞ്ഞു. അജ്മാന്‍ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി, ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. അനീസ് അഹമദ് പങ്കെടുത്തു.