Connect with us

Gulf

റാശിദ് ഹോസ്പിറ്റലില്‍ പുതിയ ഔട്ട്‌പേഷ്യന്റ് ക്ലിനിക് ആരംഭിക്കും

Published

|

Last Updated

ദുബൈ: റാശിദ് ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോ ഇന്റസ്റ്റിനല്‍ ആന്‍ഡ് ഓങ്കോളജിക് സര്‍ജറി ഔട്ട് പേഷ്യന്റ് ക്ലിനിക് തുടങ്ങി. ക്ലിനിക്കില്‍ ഏറ്റവും അത്യാധുനിക ചികിത്സയാണ് ലഭ്യമാക്കുകയെന്ന് റാശിദ് ഹോസ്പിറ്റല്‍ ജനറല്‍ സര്‍ജറി വിഭാഗം തലവന്‍ ഡോ. ഫൈസല്‍ ബദ്രി വ്യക്തമാക്കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള കൂടുതല്‍ ഫലപ്രദമായ ചികിത്സ ലക്ഷ്യമാക്കിയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. ക്ലിനിക്കിന് കീഴില്‍ ഗ്യാസ്‌ട്രോ എറ്റെറോളജിസ്റ്റുകളും ജനറല്‍ സര്‍ജന്മാരും ഓങ്കോളജിസ്റ്റുകളും ഓങ്കോളജി സര്‍ജന്മാരും പത്തോളജിസ്റ്റുകളും റേഡിയോളജിസ്റ്റുകളും ഉള്‍പ്പെട്ട വന്‍ സംഘം രോഗികളുടെ ചികിത്സക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. റാശിദ് ഹോസ്പിറ്റലിന്റെ ഔട്ട് പേഷ്യന്റ് വകുപ്പിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുക. മാസത്തിലെ ഒന്നിടവിട്ടുള്ള രണ്ട് വ്യാഴാഴ്ചകളിലാവും രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കുകയെന്നും ഡോ. ഫൈസല്‍ വെളിപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് റാശിദ് ഹോസ്പിറ്റലിന്റെ ഹെല്‍പ് ലൈനായ 800 342ല്‍ ബന്ധപ്പെടാവുന്നതാണ്. 2013ല്‍ 6,500 എന്റോസ്‌കോപ്പികള്‍ ആശുപത്രിയില്‍ നടത്തിയിട്ടുണ്ട്. ദുബൈ ഉപ ഭരണാധികാരിയും, ധന മന്ത്രിയും ഡി എച്ച് എ പ്രസിഡന്റുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും ഡി എച്ച് എ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഈസ അല്‍ മൈദൂറിന്റെയും ആരോഗ്യ മേഖലയിലെ വികസന കാഴ്ചപ്പാടിന്റെ ഭാഗം കൂടിയാണ് പുതിയ ക്ലിനിക്കെന്നും അദ്ദേഹം വ്യക്തമാക്കി.