Connect with us

Gulf

ആര്‍ ടി എ അഞ്ച് സ്മാര്‍ട് ആപ്ലിക്കേഷന്‍ കൂടി ആരംഭിച്ചു

Published

|

Last Updated

ദുബൈ: ഉപഭോക്താക്കള്‍ക്ക് 30 സേവനങ്ങള്‍കൂടി സ്മാര്‍ട് ഫോണിലൂടെ നല്‍കാന്‍ അഞ്ചു പുതിയ സ്മാര്‍ട് ആപ്ലിക്കേഷന്‍ കൂടി ആരംഭിച്ചതായി ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി. ആര്‍ ടി എ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ ടി എ ചെയര്‍മാന്‍. ഉപ ഭോക്താക്കള്‍ക്ക് ആര്‍ ടി എയുമായുള്ള പണ ഇടപാടുകള്‍ സ്മാര്‍ട് ഫോണിലൂടെ സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ് പുതിയ സ്മാര്‍ട് അപ്ലിക്കേഷനുകള്‍. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് കസ്റ്റമര്‍ സര്‍വീസ് സെന്ററിനെ ആശ്രയിക്കുന്നത് ഇല്ലാതാക്കാന്‍ സാധിക്കും. ദുബൈയെ ലോകത്തിലെ മികച്ച സ്മാര്‍ട് നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ എത്തിക്കുകയെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തിന്റെ ഭാഗം കൂടിയാണ് പുതിയ സേവനം.
ഡ്രൈവേഴ്‌സ് ആന്‍ഡ് വെഹികിള്‍സ് സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനാണ് ഇവയില്‍ ഒന്നാമത്തേത്. ഇതിലൂടെ വാഹനങ്ങളുമായി ബന്ധപ്പെട്ട ലൈസന്‍സിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. സ്മാര്‍ട് പാര്‍ക്കിംഗ് ആപ്ലിക്കേഷന്‍ ദുബൈ എമിറേറ്റിലെ പാര്‍ക്കിംഗിനായുള്ളതാണ്. ബിസിനസ് സെക്ടര്‍ സര്‍വീസസ് ആപ്ലിക്കേഷനിലൂടെ ബിസിനസുകാര്‍ക്ക് ടെന്ററുകളുടെ പുനരാലോചന ഉള്‍പ്പെടെയുള്ളവ സാധ്യമാവും. സാലിക് സ്മാര്‍ട് ആപ്ലിക്കേഷനിലൂടെ സാലിക്കിലെ തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആപ്ലിക്കേഷനിലൂടെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്നും അല്‍ തായര്‍ പറഞ്ഞു.