Connect with us

Wayanad

മഴയും മണ്ണിടിച്ചിലും: പാല്‍ച്ചുരം യാത്രയും ഭീതിയോടെ

Published

|

Last Updated

കല്‍പ്പറ്റ: മഴയെത്തിയതോടെ മണ്ണിടിഞ്ഞ് മാനന്തവാടി-ഇരിട്ടി റോഡിലെ പാല്‍ച്ചുരത്തില്‍ ഗതാതഗ തടസമുണ്ടാകുന്നത് പതിവാകുന്നു. മാനന്തവാടിയില്‍ നിന്നും ഇരിട്ടിയിലേക്കുള്ള യാത്രയില്‍ ചുരം തുടങ്ങും മുമ്പേ യാത്രക്കാരെ സ്വീകരിക്കുക “പാറകള്‍ ഇടിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്, വാഹനങ്ങള്‍ ശ്രദ്ധിച്ച് പോകുക” എന്ന ബോര്‍ഡാണ്. ഈ വര്‍ഷം മഴ തുടങ്ങിയപ്പോഴും മരവും മണ്ണും പാറകളും വീണ് പാല്‍ച്ചുരത്തില്‍ നിരവധി തവണ ഗതാഗതം തടസപ്പെട്ടു. എന്നാല്‍ ഉരുള്‍പൊട്ടലിന് സമാനമായ ഭീകരമായ മണ്ണിടിച്ചിലുണ്ടായത് കഴിഞ്ഞ മാസമാണ്. രാത്രി 11 ഓടെ മണ്ണും കൂറ്റന്‍ പാറകളും ഇടിഞ്ഞ് റോഡിലേക്കെത്തുകയായിരുന്നു. നാട്ടുകാരുടെ ശ്രമദാനത്തോടെ മണ്ണ് അല്‍പ്പം നീക്കി ഇരുചക്രവാഹനങ്ങള്‍ക്ക് പോകാന്‍ സൗകര്യമൊരുക്കിയിരുന്നെങ്കിലും ഒരു ദിവസത്തിന് ഇതു വഴി വാഹന ഗതാഗതം പുനസ്ഥാപിച്ചത്. മാനന്തവാടി ഫയര്‍ഫോഴ്‌സ് സംഘത്തിന്റെയും കേളകം പോലീസിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് ഗതാഗത തടസം നീക്കിയത്.
മാനന്തവാടിയില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലേക്ക് എളുപ്പമെത്തുന്നത് പാല്‍ച്ചുരം, അമ്പായത്തോട്, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍, കാക്കയങ്ങാട് വഴിയാണ്. 53 കിലോമീറ്ററാണ് മാനന്തവാടിയില്‍ നിന്നും ഇരിട്ടിയിലേക്കുള്ള ദൂരം. യാത്രാ സൗകര്യത്തിനായി കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് ജനങ്ങളുടെ ആശ്രയം. ബസുകള്‍ക്ക് രണ്ടു മണിക്കൂര്‍ സമയം വേണം മാനന്തവാടിയില്‍ നിന്നും ഇരിട്ടിയിലേക്ക് ഓടിയെത്താന്‍.
കൊടും വളവുകളും തിരിവുകളുമുള്ള പാല്‍ച്ചുരം കയറി വയനാട്ടിലെത്താന്‍ അഞ്ച് മുടിപ്പിന്‍ വളവുകള്‍ താണ്ടണം. റോഡിന് വീതി തീരെയില്ല. ഒരേ സമയം രണ്ട് ബസുകള്‍ക്ക് കടന്നു പോകാന്‍ സാധിക്കാത്ത റോഡില്‍ വാഹനമോടിക്കാന്‍ ഡ്രൈവര്‍മാരും പാടുപെടുന്നു. പാല്‍ച്ചുരത്തിന്റെ ഒരു ഭാഗം വലിയ കുന്നും മറുഭാഗം കൊക്കയുമാണ്.
കോടമഞ്ഞും ഇതു വഴിയുള്ള യാത്രക്ക് തടസമാവുന്നു. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അടുത്തെത്തിയാല്‍ മാത്രമാണ് വാഹനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത്. മതിയായ സുരക്ഷാ കവചമില്ലാത്തതും ഇതു വഴിയുള്ള യാത്രയ്ക്ക് തടസം നില്‍ക്കുന്നു. നിലമ്പൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ്, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പാല്‍ച്ചുരം വഴി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തുന്നുണ്ട്.
പാല്‍ച്ചുരം, കേളകം, അമ്പായത്തോട്, കൊട്ടിയൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ചികിത്സക്കായി ജനങ്ങള്‍ പാല്‍ച്ചുരം വഴിയാണ് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തുന്നത്.
മാനന്തവാടി താലൂക്കിലെ പോലീസ്, എക്‌സൈസ് ഓഫീസുകളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്ന നിരവധി പേര്‍ പാല്‍ച്ചുരം റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. റോഡിന് മതിയായ വീതി കൂട്ടി സംരക്ഷണമൊരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ ഇവയൊന്നും ഗൗനിക്കുന്നില്ലെന്ന ആരോപണമാണുള്ളത്.

Latest