Connect with us

Wayanad

അനധികൃതമായി സൂക്ഷിച്ച രണ്ട് ലോഡ് മണല്‍ പിടികൂടി

Published

|

Last Updated

പുല്‍പ്പള്ളി: അമരക്കുനി എഴുപത്തിമൂന്നു കോളനിയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മണല്‍ പിടികൂടി. കോളനിയിലെ സാംസ്‌കാരിക നിലയത്തിലും തൊട്ടടുത്ത് തോട്ടങ്ങളിലും സൂക്ഷിച്ചിരുന്ന രണ്ടുലോഡ് മണലാണ് പോലീസും വില്ലേജ് അധികാരികളും വനം വകുപ്പും ചേര്‍ന്ന് പിടികൂടിയത്. ഈ പ്രദേശത്തുനിന്നും വ്യാപകമായി മണല്‍ കടത്തുന്നതായി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെയോടെ പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും, വില്ലേജ് അധികാരികളും പരിശോധന നടത്തുകയായിരുന്നു. ആരെയും പിടികൂടാനായില്ല. മാസങ്ങളായി ഇവിടെനിന്നും ആദിവാസികളെ ഉപയോഗിച്ച മണല്‍ വാരി വന്‍ വിലക്ക് പുറത്ത് വില്‍പ്പന നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. പുഴയില്‍ നിന്നും മണല്‍ വാരി കോളനിയില്‍ സര്‍ക്കാര്‍ സ്ഥാപിച്ച സാംസ്‌കാരിക നിലയത്തിന്റെ കെട്ടിടത്തില്‍ സൂക്ഷിച്ച് ഇവിടെനിന്നും വാഹനത്തില്‍ കയറ്റികൊണ്ടുപോയി വില്‍പ്പന നടത്തുകയായിരുന്നു പതിവ്. പ്രദേശത്തെ വാര്‍ഡുമെമ്പറുടെ വീടിനോട് ചേര്‍ന്നാണ് സാംസ്‌കാരിക നിലയം സ്ഥിതിചെയ്യുന്നത്. മണല്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചതിനാല്‍ സാംസ്‌കാരിക നിലയത്തിന്റെ ഭിത്തികള്‍ പൊളിഞ്ഞുവീണിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മണല്‍ ഇരുളം വില്ലേജ് ഓഫീസറുടെ ഉത്തരവാദിത്വത്തിലാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

Latest