ഭൂമിയിലെ സ്വര്‍ഗത്തില്‍ നിന്നും ജീവന്‍ കൊതിച്ച് അവര്‍ ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ തിരിച്ചെത്തി

Posted on: September 15, 2014 10:07 am | Last updated: September 15, 2014 at 10:07 am
SHARE

kashmir11വേങ്ങര: ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിച്ച കാശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങി കൈകുഞ്ഞുമ്മായി രണ്ടര കിലോമീറ്റര്‍ വെള്ളത്തില്‍ നീന്തി ദമ്പതികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തിരിച്ചെത്തി. ഊരകം വെങ്കുളം സ്വദേശി മണ്ണില്‍ സുനില്‍കുമാര്‍, ഭാര്യ ശ്രുതി, ഒന്നര വയസുകാരന്‍ മകന്‍ ആമിഷ് എന്നിവരാണ് മരണത്തെ മുഖാമുഖം കണ്ട പ്രളയത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട് നാട്ടിലെത്തിയത്.
ഒന്നര വര്‍ഷം മുമ്പാണ് സുനില്‍കുമാര്‍ ശ്രീനഗറിലെ കാശ്മീര്‍ കേന്ദ്രസര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസി.പ്രൊഫസറായി സേവനം തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഭാര്യയെയും കുട്ടിയെയും കാശ്മീരിലേക്ക് കൊണ്ടുപോയത്. പ്രളയത്തിലെ നടക്കുന്ന ഓര്‍മകള്‍ ഇപ്പോഴും ഈ കുടുംബത്തെ ഭീതിയില്‍ നിന്നകറ്റിയിട്ടില്ല. ശ്രീനഗറിലെ ബാമിനയിലാണ് ആദ്യം വെള്ളം കയറിയത്. പിന്നീട് ഇവര്‍ താമസിച്ചിരുന്ന ഹെഷബാന്‍ നഗറിലെ ക്വര്‍ട്ടേഴ്‌സിലും വെള്ളം കയറി. അടിത്തട്ടില്‍ വെള്ളമെത്തിയതോടെ തട്ടിന്‍മുകളില്‍ അഭയം തേടി. രണ്ട് ദിവസം മുകള്‍ നിലയില്‍ താമസിച്ചു. അപ്പോഴേക്കും വെള്ളം വന്‍തോതില്‍ പൊങ്ങിയിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ കൂടെ ജോലി ചെയ്തിരുന്ന അലി ശബീറിന്റെ നിര്‍ദേശമനുസരിച്ച് അയാളുടെ സഹായത്തോടെ കൈകുഞ്ഞുമായി നീന്തുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ കുട്ടിയെയും കൊണ്ട് നീന്തി കരക്കടുത്ത ശേഷം 15 കിലോമീറ്ററോളം കാല്‍നടയായി പോയ ശേഷമാണ് ഒരു വാഹനം ലഭിച്ചത്. വാഹനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നതിനിടെ അവിടെ നിന്നും പ്രളയം കാരണം രക്ഷപ്പെടുന്നവര്‍ ഇങ്ങോട്ട് ഓടിരക്ഷപ്പെടുന്നുണ്ടായിരുന്നു.
ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു പോയി. അവിടെ തന്നെ മണിക്കൂറുകളോളം ചെലവിട്ടു. പിന്നീടാണ് സൈന്യമെത്തി രക്ഷപ്പെടുത്തിയത്. സൈന്യം ഇവരെ ഗവര്‍ണേഴ്‌സ് ഓഫീസിന് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. നാല് ദിവസം അവിടെ കഴിച്ചുകൂട്ടി. എല്ലാവിധ വിനിമയ മാര്‍ഗങ്ങളും സ്തംഭിച്ചിരുന്നു. സൈന്യം തന്നെ ഹെലികോപ്ടറില്‍ ഡല്‍ഹിയിലെത്തിച്ചു. ഒരു ദിവസം കേരള ഹൗസില്‍ തങ്ങിയ ശേഷം കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ അവസരോചിതമായ ഇടപെടലാണ് വന്‍ദുരന്തത്തിന് രക്ഷയായതെന്നും വിവിധ കെട്ടിടങ്ങളുടെ മുകളില്‍ കുടുങ്ങിയവര്‍ ആര്‍മിയുടെ സഹായത്തിനായി ഹെലികോപ്ടറുകള്‍ പോവുമ്പോള്‍ തുണികള്‍ വീശികാണിക്കുകയുമാണ് ചെയ്യുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണമോ മരുന്നുകളോ പോലും ലഭ്യമല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. കുഞ്ഞ് കൂടെ ഉണ്ടായതുകൊണ്ട് മാത്രമാണ് തങ്ങള്‍ക്ക് തിരിച്ചെത്താനായതെന്നാണ് സുനില്‍കുമാര്‍ പറയുന്നത്. സുനില്‍കുമാര്‍ ജോലി ചെയ്യുന്ന സര്‍വകലാശാലയില്‍ തന്നെ സാമ്പത്തിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കോഡൂരിലെ ഫസലുറഹ്മാന്‍, കൊണ്ടോട്ടിയിലെ അബ്ദുല്‍അസീസ്, എജ്യുക്കേഷന്‍ വകുപ്പിലെ കോട്ടക്കല്‍ സ്വദേശി താമരശ്ശേരി ഇസ്മാഈല്‍, പാങ്ങ് സ്വദേശികളായ മുസ്തഫ, അഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ ക്യാമ്പില്‍ നിന്നും നാട്ടിലെത്തിയത്.